ഉപഭോക്താക്കളുടെ സ്ഥിര നിക്ഷേപങ്ങളിൽ നിന്നും 4.5 കോടി തട്ടി ഓഹരി വിപണിയിൽ നിക്ഷേപിച്ചു; ഐസിഐസിഐ ബാങ്ക് മാനേജര്‍ അറസ്റ്റിൽ

41 ഉപഭോക്താക്കളുടെ 110 എഫ്‍ഡി അക്കൗണ്ടുകളിൽ നിന്നാണ് തിരിമറി നടത്തിയത്

Update: 2025-06-06 07:46 GMT
Editor : Jaisy Thomas | By : Web Desk

കോട്ട: ഉപഭോക്താക്കളുടെ സ്ഥിര നിക്ഷേപങ്ങളിൽ നിന്നും കോടികൾ തട്ടിയെടുത്ത ബാങ്ക് മാനേജര്‍ അറസ്റ്റിൽ . ഐസിഐസിഐ ബാങ്കിന്‍റെ കോട്ട ശാഖയിലെ റിലേഷൻഷിപ്പ് മാനേജര്‍ ആയിരുന്ന സാക്ഷി ഗുപ്തയാണ് അറസ്റ്റിലായത്. മൂന്ന് വര്‍ഷത്തിനിടെ 4.58 കോടി രൂപയാണ് സാക്ഷി തട്ടിയെടുത്തത്.തട്ടിയെടുത്ത പണം ഇവര്‍ ഓഹരി വിപണിയിൽ നിക്ഷേപിച്ചെങ്കിലും വിപണിയിൽ കനത്ത നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് ആ തുകയും നഷ്ടപ്പെട്ടു.

41 ഉപഭോക്താക്കളുടെ 110 എഫ്‍ഡി അക്കൗണ്ടുകളിൽ നിന്നാണ് തിരിമറി നടത്തിയത്. 2020 മുതൽ 2023 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഒരു ഉപഭോക്താവ് തന്‍റെ എഫ്ഡിയെക്കുറിച്ച് അന്വേഷിക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. തുടർന്ന് ഫെബ്രുവരി 18 ന് ബാങ്ക് പൊലീസിൽ കേസ് ഫയൽ ചെയ്തു. ഇടപാട് സന്ദേശങ്ങൾ അറിയാൻ കഴിയാത്തവിധം അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ പോലും സാക്ഷി മാറ്റിയിരുന്നു. തന്‍റെ കുടുംബാംഗങ്ങളുടെ ഫോൺ നമ്പറുകൾ ഈ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരുന്നു.

Advertising
Advertising

"എല്ലാ ഒടിപികളും നേരിട്ട് സ്വീകരിക്കുന്നതിനായി അവർ തന്‍റെ ഉപകരണത്തിൽ ഒരു സിസ്റ്റം പോലും ഇൻസ്റ്റാൾ ചെയ്തിരുന്നു. അക്കൗണ്ട് ഉടമകൾക്ക് അവരുടെ പണം തട്ടിയെടുക്കുന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു. ," അന്വേഷണ ഉദ്യോഗസ്ഥൻ ഇബ്രാഹിം ഖാനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്വേഷണത്തിൽ സാക്ഷി ഗുപ്ത ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചതായി കണ്ടെത്തി. വിപണിയിൽ കനത്ത നഷ്ടം സംഭവിച്ചതിനെത്തുടർന്ന് പണം അക്കൗണ്ടുകളിൽ തിരികെ നിക്ഷേപിക്കുന്നതിൽ അവർ പരാജയപ്പെട്ടു. സാക്ഷിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ട്. സഹോദരിയുടെ വിവാഹത്തലേന്നായിരുന്നു അറസ്റ്റ്. അതേസമയം, ഐസിഐസിഐ ബാങ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഉപഭോക്താക്കൾക്കുണ്ടായ നഷ്ടം നികത്തുമെന്ന് ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News