മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചു
മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ബിരേൻ സിങ് രാജിവെക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു.
ന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചു. ബിജെപി ദേശീയ നേതൃത്വവുമായുള്ള ചർച്ചക്ക് ശേഷമാണ് രാജി. രാജ്ഭവനിലെത്തി ഗവർണറെ കണ്ട ബിരേൻ സിങ് രാജിക്കത്ത് കൈമാറി. മണിപ്പൂർ കലാപം ആരംഭിച്ച് രണ്ടുവർഷം തികയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ രാജി.
കോൺഗ്രസ് നാളെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ നീക്കം നടത്തുന്നതിനിടെയാണ് ബിരേൻ സിങ്ങിന്റെ രാജി. ബിരേൻ സിങ്ങിനോട് അതൃപ്തിയുള്ള ചില ബിജെപി എംഎൽഎമാർ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ഗവർണർ അജയ് ഭല്ല കേന്ദ്രത്തെ അറിയിച്ചതിന് പിന്നാലെയാണ് ബിരേൻ സിങ്ങിന്റെ രാജി.
മണിപ്പുർ കലാപത്തിൽ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ചുള്ള ഓഡിയോ ടേപ്പുകളിൽ സുപ്രിംകോടതി ഫെബ്രുവരിന് മൂന്നിന് സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയോട് റിപ്പോർട്ട് തേടിയിരുന്നു. കേസ് മാർച്ച് 24ന് കോടതി പരിഗണിക്കും. ബിരേൻ സിങ്ങിന് സംസ്ഥാനത്ത് നടന്ന കലാപത്തിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന ചില ഓഡിയോ ക്ലിപ്പുകളിൽ കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കുക്കി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ് നൽകിയ റിട്ട് ഹർജിയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന രണ്ടംഗ ബെഞ്ച് റിപ്പോർട്ട് തേടിയത്.
200ൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ട, പതിനായിരങ്ങളെ അഭയാർഥികളാക്കിയ മണിപ്പുർ കലാപം കൈകാര്യം ചെയ്യുന്നതിലുണ്ടായ ഗുരുതരമായ വീഴ്ചകൾക്ക് മുഖ്യമന്ത്രി ബിരേൻ സിങ് മാപ്പ് പറഞ്ഞിരുന്നു. രാജ്യത്തെ നടുക്കിയ കലാപം ഒന്നരവർഷം പിന്നിട്ടശേഷമായിരുന്നു കുറ്റസമ്മതം. 2023 മെയ് മാസത്തിൽ പൊട്ടിപ്പുറപ്പെട്ട മണിപ്പുരിലെ കലാപത്തിൽ 200 ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തിരുന്നു.