'പല മുഖ്യമന്ത്രിമാരും വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്': മമതയോട് ബി.ജെ.പി

മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെയും അനുയായി അര്‍പിത മുഖര്‍ജിയുടെയും അറസ്റ്റിന് പിന്നാലെയാണ് ബി.ജെ.പി നേതാവിന്‍റെ പ്രതികരണം

Update: 2022-07-29 05:21 GMT

അധ്യാപക നിയമന അഴിമതിയില്‍ ഇ.ഡി അന്വേഷണം പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഓര്‍മപ്പെടുത്തലുമായി ബി.ജെ.പി നേതാവ് അമിത് മാളവ്യ. മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെയും അനുയായി അര്‍പിത മുഖര്‍ജിയുടെയും അറസ്റ്റിനു പിന്നാലെയാണ് ബി.ജെ.പി നേതാവിന്‍റെ പ്രതികരണം.

പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിന്റെ വീഡിയോ പങ്കുവെച്ചാണ് അമിത് മാളവ്യ മമതയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യാ ടുഡേയുടെ ഒരു പരിപാടിയിൽ പങ്കെടുത്ത് ജഗ്ദീപ് ധൻകര്‍ പറഞ്ഞത് നിരവധി മുഖ്യമന്ത്രിമാർ സമാനമായ റിക്രൂട്ട്മെന്‍റ് അഴിമതികളുടെ പേരില്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ്.

Advertising
Advertising

ധര്‍കറിന്‍റെ വീഡിയോ പങ്കുവെച്ച് അമിത് മാളവ്യ പറഞ്ഞതിങ്ങനെ- "എസ്എസ്‌സി അഴിമതിയുടെ സൂക്ഷ്മമായ വിശദാംശങ്ങൾ അറിയാവുന്ന മുൻ പശ്ചിമ ബംഗാൾ ഗവർണർ അടുത്തിടെ ഒരു പരിപാടിയിൽ സുപ്രധാന കാര്യം പറഞ്ഞിരുന്നു. സമാനമായതും എന്നാൽ വളരെ ചെറിയതുമായ റിക്രൂട്ട്‌മെന്റ് അഴിമതികളുടെ പേരിൽ പല മുഖ്യമന്ത്രിമാരും വർഷങ്ങളോളം ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് മമത ബാനർജിയെ ആകുലപ്പെടുത്തണം."

അമിത് മാളവ്യ ഷെയര്‍ ചെയ്ത വീഡിയോയില്‍ പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതിയെ 'എല്ലാ അഴിമതികളുടെയും മാതാവ്' എന്നാണ് ധന്‍കര്‍ വിശേഷിപ്പിച്ചത്.

അറസ്റ്റിലായ പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കിയിട്ടുണ്ട്. പാര്‍ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പിതയുടെ വീട്ടില്‍ നിന്ന് 21.90 കോടി രൂപയാണ് ഇ.ഡി റെയ്ഡില്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം അര്‍പിതയുടെ മറ്റൊരു വീട്ടില്‍ നടത്തിയ റെയ്ഡില്‍ 28.90 കോടി രൂപയും പിടികൂടി. പാര്‍ഥ ചാറ്റര്‍ജി നിലവില്‍ ഇ.ഡിയുടെ കസ്റ്റഡിയിലാണ്.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News