വിവാഹ വാഗ്ദാനം നൽകി യൂറോപ്യൻ യുവതിയെ ബലാത്സംഗം ചെയ്ത് ഒരു ലക്ഷം യൂറോ തട്ടി; യുവാവിനും അമ്മക്കും ശിക്ഷ വിധിച്ച് കോടതി

വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചാണ് പ്രതി യുവതിയെ കബളിപ്പിച്ചത്

Update: 2025-10-02 10:58 GMT
Editor : നബിൽ ഐ.വി | By : Web Desk

ചെന്നൈ: വിവാഹ വാഗ്ദാനം നൽകി യൂറോപ്യൻ യുവതിയെ ബലാത്സംഗം ചെയ്ത് ഒരു ലക്ഷം യൂറോ തട്ടിയെടുത്ത കേസിൽ യുവാവിനും അമ്മക്കും ശിക്ഷ വിധിച്ച് കോടതി. മഥുര പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി (ഫാസ്റ്റ് ട്രാക്ക് കോടതി-സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ) സുശീൽ കുമാറാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്.

യുവാവിന് 10 വർഷം കഠിന തടവും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് യുവാവിന്റെ അമ്മയ്ക്ക് അഞ്ച് വർഷം തടവും, ഇരുവർക്കും യഥാക്രമം 7.90 ലക്ഷം രൂപയും 5.90 ലക്ഷം രൂപയും പിഴയുമാണ് കോടതി വിധിച്ചത്.

Advertising
Advertising

ആത്മീയ കാര്യങ്ങൾക്കായാണ് 2009ൽ വളർത്തു സഹോദരൻ സരബ്ജിത് മംഗു സിങ്ങിനൊപ്പം ഹോളണ്ടിൽ നിന്ന് യുവതി മഥുരയിൽ എത്തുന്നത്. പിന്നീട് അവൾ ഹരേന്ദ്ര കുമാറുമായി പരിചയത്തിലായി. എന്നാൽ വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് ഇയാൾ വിവാഹാഭ്യർത്ഥന നടത്തി. തന്റെ വീട്ടിൽ ഒരു പ്രതീകാത്മക വിവാഹ ചടങ്ങ് നടത്തി അവളെ കബളിപ്പിച്ചു, പിന്നീട് യുവതിയിൽ നിന്ന് എടിഎം ഇടപാടുകളിലൂടെയും വ്യാജ നിക്ഷേപ രേഖകൾ കാണിച്ചും ഏകദേശം ഒരു ലക്ഷം യൂറോ തട്ടിയെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഹരേന്ദ്ര വിവാഹിതനാണെന്നും കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ പ്രവൃത്തികളെ പിന്തുണച്ചിരുന്നുവെന്നും തെളിഞ്ഞു.

ഗോവിന്ദ് നഗർ നിവാസിയായ ഹരേന്ദ്ര കുമാർ, മാതാപിതാക്കളായ വിക്രം സിംഗ്, ലീലാ ദേവി എന്ന നീലം, ഭാര്യ മംത രാഘവ്, സുഹൃത്ത് സരബ്ജിത് മംഗു സിംഗ് എന്നിവർ ചേർന്ന് തന്നെ വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് യുവതി മഥുരയിലെ സീനിയർ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു.

വിചാരണ വേളയിൽ, വിക്രം സിങ്ങും മംത രാഘവും കോടതിയിൽ ഹാജരാകാതിരുന്നതിനാൽ ഹരേന്ദ്ര കുമാറിനും അമ്മയ്ക്കുമെതിരായ കേസ് അതിവേഗ കോടതിയിലേക്ക് മാറ്റി. തുടർന്ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ലീലാ ദേവിയുടെ നേരത്തെ അനുവദിച്ച ജാമ്യം റദ്ദാക്കിയ കോടതി ഉടൻ കീഴടങ്ങാൻ നിർദേശിച്ചു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News