'ആകാശത്ത് നിന്ന് മരുന്നുകള്‍'; തെലുങ്കാനയില്‍ ഇനി വാക്‌സിനും മരുന്നും ഡ്രോണുകളില്‍ പറന്നെത്തും
മൂന്നു മാസത്തെ വിലയിരുത്തലിന് ശേഷം ആരോഗ്യമന്ത്രാലയം, ഐ.ടി മന്ത്രാലയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എന്നിവരുമായി കൂടിയാലോചിച്ച ശേഷം പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് വ്യോമയാന മന്ത്രി പറഞ്ഞു.
വിദൂര മേഖലകളില്‍ മരുന്നുകളും വാക്‌സിനുകളും മറ്റു അവശ്യവസ്തുക്കളും ഡ്രോണുകള്‍ ഉപയോഗിച്ച് എത്തിക്കുന്ന പുതിയ പദ്ധതിയുമായി തെലുങ്കാന. 'ആകാശത്ത് നിന്ന് മരുന്നുകള്‍' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിര്‍വഹിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
തെലുങ്കാനയിലെ 16 ഗ്രീന്‍ സോണുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. മൂന്നു മാസത്തെ വിലയിരുത്തലിന് ശേഷം ആരോഗ്യമന്ത്രാലയം, ഐ.ടി മന്ത്രാലയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എന്നിവരുമായി കൂടിയാലോചിച്ച ശേഷം പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് വ്യോമയാന മന്ത്രി പറഞ്ഞു.
ഡ്രോണ്‍ ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഗ്രീന്‍ സോണില്‍ ഡ്രോണുകള്‍ പറത്താന്‍ അനുമതി ആവശ്യമില്ല.
വേള്‍ഡ് എകണോമിക് ഫോറം, നീതി ആയോഗ്, അപ്പോളോ ഹോസ്റ്റ്പിറ്റലിന്റെ ഹെല്‍ത്ത്‌നെറ്റ് ഗ്ലോബല്‍ എന്നിവയുമായി സഹകരിച്ചാണ് തെലുങ്കാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.