'ഇത് തനിത്തങ്കം'; മഹുവ മൊയ്ത്രയുടെ പാർലമെന്റ് പ്രസംഗം പങ്കുവച്ച് നടി മീര ചോപ്ര

പാര്‍ലമെന്‍റില്‍ തൃണമൂല്‍ അംഗം നടത്തിയ തീപ്പൊരി പ്രസംഗം രാജ്യശ്രദ്ധയാകര്‍ഷിച്ചിരുന്നു

Update: 2023-02-10 13:23 GMT
Editor : abs | By : Web Desk
Advertising

അദാനി വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ്ത്ര പാർലമെന്റിൽ നടത്തിയ പ്രസംഗം പങ്കുവച്ച് ബോളിവുഡ് നടി മീര ചോപ്ര. ഇത് തനിത്തങ്കം എന്ന തലക്കെട്ടോടെയാണ് ബ്രൂട്ട് ഇന്ത്യ നിർമിച്ച വീഡിയോ നടി ട്വിറ്ററിൽ പങ്കുവച്ചത്.

അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ മഹുവ മൊയ്ത്ര നടത്തിയ പ്രസംഗം രാജ്യശ്രദ്ധ നേടിയിരുന്നു. 'ഇന്ന് ഇന്ത്യയിൽ ഏറ്റവും പ്രസിദ്ധനായ വ്യക്തിയെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ദൗർഭാഗ്യവശാൽ അത് അത് ആദരണീയനായ പ്രധാനമന്ത്രിയല്ല. അത് എ കൊണ്ട് ആരംഭിക്കുകയും ഐ കൊണ്ട് അവസാനിക്കുകയും ചെയ്യുന്ന ഒരാളാണ്. അത് അദ്വാനിയല്ല. ഞാനദ്ദേഹത്തെ മിസ്റ്റർ എ എന്നു വിളിക്കുന്നു. അയാളുടെ ഗ്രൂപ്പിനെ എ കമ്പനി എന്നും. ഇയാൾ ഈ രാഷ്ട്രത്തെ വിഡ്ഢിയാക്കി. 2019 മുതൽ ഈ വിഷയം ഞാൻ സഭയിൽ ഉന്നയിക്കുന്നുണ്ട്. സെബി, സിവിസി, ഡിആർഐ, സിബിഡിടി, ധനമന്ത്രാലയം എന്നിവയ്ക്ക് കത്തു നൽകിയിട്ടുണ്ട്. പ്രധാനമന്ത്രീ, ഈ എ നിങ്ങളെ വിഡ്ഢിയാക്കി. നിങ്ങളുടെ വിദേശയാത്രാ സംഘത്തിൽ അദ്ദേഹമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ റിമോട്ട് കൺട്രോൾ തന്റെ കൈയിലുണ്ടെന്ന തരത്തിലാണ് അദ്ദേഹം നടന്നത്. ഈ കമ്പനിയുടെ വിദേശ ഫണ്ടിങ് അന്വേഷിക്കണം. ധനമന്ത്രിയെയും അദ്ദേഹം വിഡ്ഢിയാക്കി. സെബിയുടെ അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് നിങ്ങളുടെ മന്ത്രാലയം എന്നോട് പറഞ്ഞത്. എന്നാൽ പരമോന്നത കോടതി എല്ലാ കാര്യങ്ങളില്‍നിന്നും തങ്ങളെ കുറ്റവിമുക്തമാക്കി എന്നാണ് ഈ കമ്പനി പറയുന്നത്. ഏതു കോടതി? ഏതു രാഷ്ട്രം?' - എന്നിങ്ങനെയായിരുന്നു അവരുടെ തീപ്പൊരി പ്രസംഗം. 



നേരത്തെ, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വേളയിൽ തിരുവനന്തപുരം എംപി ശശി തരൂരിനെ പിന്തുണച്ച് മീര ചോപ്ര രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. എനിക്ക് ശരിക്ക് ഇഷ്ടമായി എന്ന തലക്കെട്ടോടെ എബിപി ന്യൂസ് നടത്തിയ തരൂരിന്റെ ഇന്റർവ്യൂവാണ് മീര സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നത്. 

ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്രയുടെയും പരിനീതി ചോപ്രയുടെയും ബന്ധുവാണ് മീര. 2005ൽ പുറത്തിറങ്ങിയ അൻപെ ആരുയിരെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇവർ സിനിമയിൽ അരങ്ങേറിയത്. വിക്രം ഭട്ടിന്റെ 1920 ലണ്ടൻ, സതീഷ് കൗശികിന്റെ ഗ്യാങ് ഓഫ് ഘോസ്റ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. 





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News