250 രൂപയുമായി രണ്ട് മുറി അപ്പാര്‍ട്ട്മെന്‍റിൽ തുടങ്ങിയ കമ്പനി; ഇന്ന് 8,400 കോടിയുടെ ആസ്തി: പത്രപ്രവര്‍ത്തകനായി കരിയര്‍ തുടങ്ങിയ വ്യവസായ പ്രമുഖൻ
പറ്റ്നയിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച സിൻഹ കഠിനാധ്വാനവും സമര്‍പ്പണവും കൊണ്ടാണ് വലിയൊരു ബിനിനസ് സാമ്രാജ്യത്തിന്‍റെ അധിപനായത്
Photo| Google
പറ്റ്ന: പത്രപ്രവര്‍ത്തകനായി കരിയര്‍ തുടങ്ങി രാജ്യത്തെ തന്നെ വ്യവസായ പ്രമുഖരിലൊരാളായി മാറിയ കഥയാണ് രവീന്ദ്ര കിഷോർ സിൻഹ എന്ന ആര്‍.കെ സിൻഹയുടേത്. വെറും 250 രൂപയുമായി രണ്ട് മുറി മുറി അപ്പാര്‍ട്ട്മെന്‍റിൽ ആരംഭിച്ച കമ്പനിക്ക് ഇന്ന് വിവിധ രാജ്യങ്ങളിലായി 2,84000 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഫോബ്‌സ് മാസികയുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, ആർ.കെ. സിൻഹയുടെ നിലവിലെ ആസ്തി 8400 കോടി രൂപ (1 ബില്യൺ ഡോളർ) ആണ്.
ഓഫീസുകൾക്കും മാളുകൾക്കും പുറത്ത് നീല യൂണിഫോം ധരിച്ച സുരക്ഷാ ജീവനക്കാരെ നിങ്ങൾ കണ്ടിട്ടില്ലേ? ഇവരിൽ ഭൂരിഭാഗം പേരും ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സുരക്ഷാ ദാതാവായ രവീന്ദ്ര കിഷോർ സിൻഹ സ്ഥാപിച്ച സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് സർവീസസ് (ഇന്ത്യ) ലിമിറ്റഡിന്റെ (എസ്ഐഎസ്) ജീവനക്കാരാണ്. രണ്ട് മുറികളിൽ നിന്നാണ് അദ്ദേഹം ഈ കമ്പനി ആരംഭിച്ചത്, എന്നാൽ ഇന്ന് അത് 1200 കോടിയിലധികം വിലമതിക്കുന്ന ഒരു സാമ്രാജ്യമായി മാറിയിരിക്കുന്നു.
പറ്റ്നയിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച സിൻഹ കഠിനാധ്വാനവും സമര്‍പ്പണവും കൊണ്ടാണ് വലിയൊരു ബിനിനസ് സാമ്രാജ്യത്തിന്‍റെ അധിപനായത്. പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയായ സിൻഹ കുടുംബത്തെ സഹായിക്കുന്നതിനായി 1971ൽ ദി സെര്‍ച്ച്ലൈറ്റ് എന്ന പത്രത്തിൽ ജേര്‍ണലിസ്റ്റ് ട്രയിനിയായി ജോലിയിൽ പ്രവേശിച്ചു, പത്രപ്രവർത്തകനെന്ന നിലയിൽ, ഇന്ത്യ-പാക് യുദ്ധം റിപ്പോർട്ട് ചെയ്യാനുള്ള അവസരം സിൻഹക്ക് ലഭിച്ചു. അവിടെ വച്ച് സൈനികരുമായി അടുത്ത സൗഹൃദത്തിലായ സിൻഹ മുൻ സൈനികര്‍ക്കായി എസ്ഐഎസ് എന്ന കമ്പനി തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
1974 ഫെബ്രുവരിയിൽ വെറും 250 രൂപ മൂലധനവുമായി രണ്ട് മുറി അപ്പാര്‍ട്ട്മെന്‍റിലാണ് സിൻഹയുടെ കമ്പനി തുടങ്ങുന്നത്. മുൻ സൈനികരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ദാനാപൂർ റെജിമെന്‍റൽ സെന്‍ററിലെ സൈനികരുമായി ബന്ധം പുലർത്തുകയും ചെയ്തു. തന്‍റെ ബിൽഡർ സുഹൃത്തിന്റെ കെട്ടിടങ്ങൾക്ക് പുറത്ത് 14 സെക്യൂരിറ്റികളെ നിയോഗിക്കുകയും അവർക്ക് പ്രതിമാസം 400 രൂപ ശമ്പളം നൽകുകയും ചെയ്തു. വർഷത്തിനുള്ളിൽ, കമ്പനിയുടെ ജീവനക്കാരുടെ എണ്ണം 250-300 ആയി വളർന്നു, വിറ്റുവരവ് ഒരു ലക്ഷം രൂപ കവിഞ്ഞു.
ബിസിനസ് വളര്‍ന്നപ്പോൾ 2008-ൽ അദ്ദേഹം ചബ്ബ് സെക്യൂരിറ്റി എന്ന ഓസ്‌ട്രേലിയൻ സുരക്ഷാ ഏജൻസിയെ ഏറ്റെടുത്തു. 300 മില്യൺ ഡോളറിന്‍റെ ഏറ്റെടുക്കലിന് ധനസഹായം നൽകുന്നതിനായി, അദ്ദേഹം തന്‍റെ കമ്പനിയുടെ 14 ശതമാനം ഓഹരികൾ വിറ്റഴിക്കുകയും സുരക്ഷാ സേവന വ്യവസായത്തിലെ ആദ്യത്തെ ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായി മാറുകയും ചെയ്തു. ജീവകാരുണ്യ ലക്ഷ്യത്തോടെ ആരംഭിച്ച അദ്ദേഹത്തിന്റെ ബിസിനസ് സംരംഭം വളരെയധികം വിജയകരമായിരുന്നു. ഇന്ത്യയ്ക്ക് പുറമേ, കമ്പനിയുടെ സേവനങ്ങൾ സിംഗപ്പൂർ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് 374 ശാഖകളുമായി വ്യാപിച്ചു കിടക്കുന്നു.