മോദിക്ക് ധാര്‍ഷ്ട്യം, കര്‍ഷകര്‍ മരിച്ചത് തനിക്ക് വേണ്ടിയാണോ എന്ന് ചോദിച്ചു: മേഘാലയ ഗവര്‍ണര്‍

സാഹചര്യം എന്തുതന്നെയായാലും താന്‍ കര്‍ഷകര്‍ക്കൊപ്പമായിരിക്കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്

Update: 2022-01-03 05:57 GMT
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷക സമരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നെന്നും അദ്ദേഹം ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയതെന്നും ഗവര്‍ണര്‍ പറഞ്ഞു. തര്‍ക്കത്തിലാണ് ആ സംഭാഷണം അവസാനിച്ചതെന്നും ഗവര്‍ണര്‍ വെളിപ്പെടുത്തി. നായ ചത്താല്‍ പോലും അനുശോചന സന്ദേശം അയക്കുന്ന മോദി കര്‍ഷകരുടെ വിഷയത്തില്‍ പൊട്ടിത്തെറിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഹരിയാനയിലെ ദാദ്രിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍- "കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയപ്പോള്‍, അഞ്ച് മിനിട്ടിനുള്ളില്‍ തന്നെ ആ സംസാരം വാക്കുതര്‍ക്കത്തിലെത്തി. അദ്ദേഹം ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയത്. നമ്മുടെ 500ഓളം കര്‍ഷകര്‍ മരിച്ചു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചത്, അവര്‍ എനിക്ക് വേണ്ടിയാണോ മരിച്ചത് എന്നായിരുന്നു. അതെ കാരണം നിങ്ങളാണ് നേതാവ് എന്ന് ഞാന്‍ മറുപടി നല്‍കി. വാഗ്വാദമുണ്ടായതോടെ അമിത് ഷായെ കാണാന്‍ അദ്ദേഹം എന്നോട് പറഞ്ഞു, ഞാന്‍ കണ്ടു"- മേഘാലയ ഗവര്‍ണര്‍ പറഞ്ഞു.

കര്‍ഷകരുടെ ഇനിയുള്ള ആവശ്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ "ഞങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടാകണം. താങ്ങുവില നിയമപരമായി ഉറപ്പാക്കണം. ചില കര്‍ഷകര്‍ക്കെതിരെ ഇപ്പോഴും കേസുണ്ട്. കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സത്യസന്ധത കാണിക്കണം" എന്നായിരുന്നു മേഘാലയ ഗവര്‍ണറുടെ മറുപടി. പ്രക്ഷോഭങ്ങള്‍ അവസാനിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതിയെങ്കില്‍ അത് തെറ്റാണ്. തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുക മാത്രമാണ്. കര്‍ഷകര്‍ക്കെതിരെ അനീതിയുണ്ടായാല്‍ വീണ്ടും പ്രക്ഷോഭമുണ്ടാകും. സാഹചര്യം എന്തുതന്നെയായാലും താന്‍ കര്‍ഷകര്‍ക്കൊപ്പമായിരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

വിവാദ കാര്‍ഷിക നിയമങ്ങളുടെ വിഷയത്തില്‍ നേരത്തെയും സത്യപാല്‍ മാലിക് പ്രധാനമന്ത്രിയെ വിമര്‍ശിച്ചിട്ടുണ്ട്. നവംബറില്‍ ജയ്പൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെ, വൈകാതെ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിന് കീഴടങ്ങേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. ഇങ്ങനെയൊക്കെ പറയുന്നതിനാല്‍ എപ്പോള്‍ വേണമെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് വിളിപ്പിക്കാനിടയുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. തന്നെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കുന്നതിലേക്ക് നയിക്കുന്ന എന്തെങ്കിലും സംഭവിക്കാനായി ചിലര്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News