വീണ്ടും ആൾക്കൂട്ടക്കൊല: ബിഹാറിൽ ആട് മോഷണമാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; സുഹൃത്തിന് ​ഗുരുതര പരിക്ക്

ഇരുവരേയും മരത്തിൽ കെട്ടിയിട്ടായിരുന്നു മരക്കമ്പുകളും ഇരുമ്പുകമ്പികളും കൊണ്ടുള്ള ക്രൂരമായ മർദനം.

Update: 2024-09-07 11:51 GMT

പട്ന: രാജ്യത്ത് വീണ്ടും ആൾക്കൂട്ടക്കൊല. ബിഹാറിലെ ബെ​ഗുസാരായിയിൽ ആട് മോഷണമാരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ക്രൂരമായ ആക്രമണത്തിൽ സുഹൃത്തിന് ​ഗുരുതരമായി പരിക്കേറ്റു. ബിർപൂർ വെസ്റ്റ് ​ഗ്രാമത്തിലെ താമസക്കാരായ രോഹിത് കുമാർ (24), രാഹുൽ കുമാർ പാസ്വാൻ (25) എന്നിവർക്കാണ് മർദനമേറ്റത്. ഇതിൽ രോഹിത് കുമാർ ആണ് കൊല്ലപ്പെട്ടത്.

​ഗുരുതര പരിക്കേറ്റ രാഹുൽ കുമാർ ആശുപത്രിയിൽ ചികിത്സയിലാണ്. ബെഗുസാരായി ജില്ലയിലെ ഭവാനന്ദപൂർ ഗ്രാമവാസിയായ മനോജ് പാസ്വാൻ്റെ ആടിനെ ഇവർ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ജനക്കൂട്ടം മർദിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് റോഡിലെ ഡിവൈഡറിൽ ഇടിച്ചുമറിയുകയും പിന്നാലെയെത്തിയ ആൾക്കൂട്ടം ഇരുവരേയും പിടികൂടുകയും മർദിക്കുകയുമായിരുന്നു.

Advertising
Advertising

ഇരുവരേയും മരത്തിൽ കെട്ടിയിട്ടായിരുന്നു മരക്കമ്പുകളും ഇരുമ്പുകമ്പികളും കൊണ്ടുള്ള ക്രൂരമായ മർദനം. രാഹുലും രോഹിത്തും യാത്ര ചെയ്യവെ റോഡ് മുറിച്ചുകടന്ന ഒരു ആട് പെട്ടന്ന് ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങിയതായി ഇവർ പറഞ്ഞിരുന്നതായി മരിച്ച രോഹിത്തിൻ്റെ കുടുംബാംഗങ്ങൾ പറഞ്ഞു. ഇതോടെ ആട് മോഷ്ടാക്കളാണെന്ന് സംശയിച്ച നാട്ടുകാർ ഇവരെ മർദിക്കുകയായിരുന്നു എന്നും അവർ വ്യക്തമാക്കി.

മരിച്ച രോഹിത് രാജസ്ഥാനിൽ ദിവസ വേതനക്കാരനായി ജോലി ചെയ്തുവരികയായിരുന്നെന്ന് ബെഗുസാരായി പൊലീസ് സൂപ്രണ്ട് മനീഷ് പറഞ്ഞു. ഈയിടെയാണ് നാട്ടിൽ വന്നത്. വെള്ളിയാഴ്ച രോഹിത്തിനെയും സുഹൃത്തിനേയും മോഷണം സംശയിച്ച് ജനക്കൂട്ടം പിടികൂടുകയും നിഷ്കരുണം മർദിക്കുകയായിരുന്നെന്നും എസ്.പി വിശദമാക്കി.

“നിയമം കൈയിലെടുത്ത ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആരും രക്ഷപ്പെടില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു- എസ്പി പറഞ്ഞു. സംഭവം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

ആ​ഗസ്റ്റ് 27ന് ഹരിയാനയിൽ മുസ്‌ലിം യുവാവിനെ ​ഗോരക്ഷാ ​ഗുണ്ടകൾ തല്ലിക്കൊന്നിരുന്നു. ചർഖി ​ജില്ലയിലെ ബന്ധാര ​ഗ്രാമത്തിലായിരുന്നു സംഭവം. പശ്ചിമബം​ഗാൾ സ്വദേശിയായ സാബിർ മാലിക്കാണ് കൊല്ലപ്പെട്ടത്. ആക്രിത്തൊഴിലാളിയായ സാബിറിനെ ഒരു കൂട്ടമാളുകളെത്തി താമസസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുപോവുകയും ബീഫ് കഴിച്ചെന്നാരോപിച്ച് മർദിക്കുകയുമായിരുന്നു. സാബിറിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനും മർദനമേറ്റു.

സംഭവദിവസം, അഭിഷേക്, മോഹിത്, രവീന്ദർ, കമൽജിത്ത്, സാഹിൽ എന്നിവർ കാലി പ്ലാസ്റ്റിക് കുപ്പികൾ വിൽക്കാനെന്ന വ്യാജേന സാബിറിനെ ഒരു കടയിലേക്ക് വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. ആക്രമണം കണ്ട് ചിലർ ഇടപെട്ടതോടെ, സാബിറിനെ സംഘം മറ്റൊരിടത്തേക്ക് കൊണ്ടുപോവുകയും ആക്രമണം തുടരുകയും ഇത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.

ബന്ധാര ഗ്രാമത്തിനടുത്തുള്ള ഒരു കുടിലിൽ താമസിച്ചുവന്നിരുന്ന സാബിർ, ആക്രി പെറുക്കി വിറ്റാണ് ജീവിച്ചിരുന്നത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത രണ്ട് പേരടക്കം ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും ഗോരക്ഷാസേനാ പ്രവർത്തകരാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News