'മോദിയുടെയും മോഹൻ ഭഗവതിന്റെയും ഇന്ത്യ എന്റെയും ഇന്ത്യയാണ്'; വികാരാധീനനായി മഹ്മൂദ് മദനി

ലോകത്തെ ഏറ്റവും പുരാതനമായ മതമാണ് ഇസ്‌ലാമെന്നും മഹ്മൂദ് മദനി

Update: 2023-02-11 15:19 GMT
Editor : afsal137 | By : Web Desk
Advertising

ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിന്റെയും ഇന്ത്യ തന്റേത്കൂടിയാണെന്ന് ജംഇയ്യത്തുൽ ഉലമാ-ഇ-ഹിന്ദ് പ്രസിഡന്റ് മഹ്മൂദ് മദനി. ഇന്ത്യ നമ്മുടെ രാജ്യമാണെന്നും മഹ്മൂദ് മദനി വികാരാധീനനായി പറഞ്ഞു. രാംലീല മൈതാനിയിൽ നടന്ന ജംഇയ്യത്തുൽ ഉലമാ-ഇ-ഹിന്ദിന്റെ പ്ലീനറി സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

ഈ ലോകത്തെ ഏറ്റവും പുരാതനമായ മതമാണ് ഇസ്ലാമെന്നും അദ്ദേഹം പറഞ്ഞു. 'ഈ ഭൂമി മുസ്ലീങ്ങളുടെ ആദ്യ ജന്മഭൂമിയാണ്. ഇസ്ലാം പുറത്തുനിന്ന് വന്ന മതമാണെന്ന് പറയുന്നത് തീർത്തും തെറ്റും അടിസ്ഥാനരഹിതവുമാണ്. എല്ലാ മതങ്ങളിലുംവെച്ച് ഏറ്റവും പഴക്കമുള്ള മതമാണ് ഇസ്ലാം. ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഏറ്റവും മികച്ച രാജ്യം ഇന്ത്യയാണ്,' മദനി പറഞ്ഞു.

നിർബന്ധിത മതപരിവർത്തനത്തിന് ഞങ്ങൾ എതിരാണ്. ഇന്ന് സ്വമേധയാ മതം മാറുന്ന ആളുകളെയും കള്ളക്കേസുകൾ ചുമത്തി ജയിലിലേക്ക് അയക്കുന്നു. മതസ്വാതന്ത്ര്യം ഒരു മൗലികാവകാശമാണ്. നിരവധി തീവ്ര സംഘടനങ്ങൾ മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു. ഇവിടെ പ്രാർത്ഥിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുൾഡോസർ രാജും സമീപകാല പൊലീസ് നടപടിയും മുസ്ലിങ്ങൾക്കെതിരായ വിദ്വേഷത്തിന്റെ ഉത്തമ ഉദാഹരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജംഇയ്യത്തുൽ ഉലമാ-ഇ-ഹിന്ദിന്റെ മൂന്ന് ദിവസത്തെ പ്ലീനറി സമ്മേളനം ഇന്ന് ഡൽഹിയിൽ ആരംഭിച്ചു. യൂണിഫോം സിവിൽ കോഡ്, മതസ്വാതന്ത്ര്യം, മുസ്ലീം വ്യക്തിനിയമം, മദ്രസകളുടെ സ്വയംഭരണം എന്നിവ സമ്മേളനത്തിൽ മുഖ്യ വിഷയമാകും. മത സാഹോദര്യം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ, വിദ്വേഷ പ്രചാരണങ്ങൾ തടയുന്നതിനുള്ള മാർഗങ്ങൾ എന്നിവയും സമ്മേളനത്തിൽ ചർച്ചചെയ്യും. നൂറ്റാണ്ടുകൾ പഴക്കമുള്ള സംഘടനയാണ് ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ്, മുസ്ലീങ്ങളുടെ പൗര, മത, സാംസ്‌കാരിക, വിദ്യാഭ്യാസ അവകാശങ്ങളുടെ സംരക്ഷണത്തിനായി സംഘടന പ്രവർത്തിച്ചു വരികയാണ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News