കൊളീജിയം ശിപാർശ കേന്ദ്രം അംഗീകരിച്ചു; ആഖിൽ ഖുറേഷി രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

സൊഹ്‌റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത്ഷായെ സിബിഐ കസ്റ്റഡിയിൽ വിട്ടത് ആഖിൽ ഖുറേഷിയാണ്. അദ്ദേഹത്തെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള ശിപാർശ കേന്ദ്രം നേരത്തെ തള്ളിയിരുന്നു

Update: 2021-10-09 14:44 GMT
Editor : Shaheer | By : Web Desk

ജസ്റ്റിസ് ആഖിൽ ഖുറേഷിയെ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള കൊളീജിയം ശിപാർശ കേന്ദ്രം അംഗീകരിച്ചു. ആഖിലിനു പുറമെ മറ്റ് 12 പേരെ വിവിധ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി നിർദേശിച്ചതും കേന്ദ്രം അംഗീകരിച്ചു.

ആഖിൽ ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള ശിപാർശ കേന്ദ്രം നേരത്തെ തള്ളിയിരുന്നു. സീനിയോരിറ്റി ഉണ്ടായിരുന്നിട്ടും സുപ്രീംകോടതിയിലേക്ക് അദ്ദേഹത്തെ പരിഗണിക്കാത്തതും വിവാദമായിരുന്നു. സൊഹ്‌റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത്ഷായെ സിബിഐ കസ്റ്റഡിയിൽ വിട്ടത് ആഖിൽ ഖുറേഷിയാണ്. ഇതോടെയാണ് അദ്ദേഹം ബിജെപിയുടെ കണ്ണിലെ കരടായത്. നിലവിൽ ത്രിപുര ചീഫ് ജസ്റ്റിസാണ് അദ്ദേഹം.

Advertising
Advertising

എട്ടുപേർക്കാണ് ചീഫ് ജസ്റ്റിസുമാരായി സ്ഥാനക്കയറ്റം ലഭിച്ചത്. ആഖിൽ ഖുറേഷി അടക്കം അഞ്ച് ചീഫ് ജസ്റ്റിസുമാരെ മറ്റു ഹൈക്കോടതികളിലേക്കു മാറ്റുകയും ചെയ്തു. ജസ്റ്റിസുമാരായ രാജേഷ് ബിന്ദാൽ(അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്), രഞ്ജിത്ത് വി മോറെ(മേഘാലയ), സതീഷ്ചന്ദ്ര ശർമ(തെലങ്കാന), പ്രകാശ് ശ്രീവാസ്തവ(കൽക്കട്ട), ആർവി മലീമഥ്(മധ്യപ്രദേശ്), ഋതുരാജ് അശ്വതി(കർണാടക), അരവിന്ദ് കുമാർ(ഗുജറാത്ത്), പ്രശാന്ത് കുമാർ(ആന്ധ്രാപ്രദേശ്) എന്നിവർക്കാണ് പുതുതായി സ്ഥാനക്കയറ്റം ലഭിച്ചത്. ആഖിലിനു പുറമെ ജസ്റ്റിസുമാരായ ഇന്ദ്രജിത് മഹന്തി(രാജസ്ഥാനിൽനിന്ന് ത്രിപുര ഹൈക്കോടതിയിലേക്ക്), മുഹമ്മദ് റഫീഖ്(മധ്യപ്രദേശ്-ഹിമാചൽപ്രദേശ്), ബിശ്വനാഥ് സോമാദർ(മേഘാലയ-സിക്കിം), എകെ ഗോസ്വാമി(ആന്ധ്രാപ്രദേശ്-ചത്തീസ്ഗഢ്) എന്നിവർക്കാണ് സ്ഥലംമാറ്റം ലഭിച്ചത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News