'മോദി വോട്ട് ചോരിയിലൂടെ ബിഹാര്‍ തെരഞ്ഞെടുപ്പിൽ ജയിക്കാൻ ശ്രമിക്കുകയാണ്'; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഖാര്‍ഗെ

പറ്റ്നയിൽ വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ

Update: 2025-09-01 10:58 GMT
Editor : Jaisy Thomas | By : Web Desk

പറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി 'വോട്ട് ചോരി' വഴി ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പുതിയ സര്‍ക്കാര്‍ ഉടൻ തന്നെ എൻഡിഎയുടെ ഡബിൾ എഞ്ചിൻ സർക്കാരിനെ വോട്ടെടുപ്പിലൂടെ പുറത്താക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പറ്റ്നയിൽ വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസംഗത്തിനിടയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും ഖാര്‍ഗെ ആഞ്ഞടിച്ചു. ഒരിക്കൽ സോഷ്യലിസത്തെക്കുറിച്ച് സംസാരിച്ചിരുന്ന നിതീഷ് ഇപ്പോൾ ബിജെപി-ആർഎസ്എസുമായി സഖ്യത്തിലാണെന്ന് കോൺഗ്രസ് പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി. ആർ‌എസ്‌എസ്-ബിജെപി സഖ്യം കുമാറിനെ ഉപേക്ഷിക്കുമെന്ന് ഖാർഗെ പറഞ്ഞു.

Advertising
Advertising

"ഈ വോട്ടർ അധികാർ യാത്ര രാജ്യമെമ്പാടും ചർച്ച ചെയ്യപ്പെട്ടു. അത് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു, പക്ഷേ ബിഹാറിലെ ജനങ്ങളും മഹാഗത്ബന്ധൻ ജനതയും പിന്മാറിയില്ല. മോദി മോഷണ ശീലമുണ്ട്, വോട്ട് ചോരി, പൈസ ചോരി,ബാങ്കുകൾ കൊള്ളയടിക്കുന്നവരെ സംരക്ഷിക്കുക'' ഖാര്‍ഗെ ആരോപിച്ചു. ''മോദി വോട്ട് ചോരിയിലൂടെ ബിഹാര്‍ തെരഞ്ഞെടുപ്പിൽ ജയിക്കാൻ ശ്രമിക്കുകയാണ്. ജാഗ്രത പാലിക്കുക. നിങ്ങൾ ജാഗ്രത പാലിച്ചില്ലെങ്കിൽ മോദിയും ഷായും നിങ്ങളെ അടിച്ചമർത്തും," അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഈ ഇരട്ട എഞ്ചിൻ സർക്കാർ കുറച്ച് മാസങ്ങൾക്ക് ശേഷം ഉണ്ടാകില്ല. പുതിയ സർക്കാർ ദരിദ്രരുടെയും സ്ത്രീകളുടെയും ദലിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയുമായിരിക്കും'' ഖാര്‍ഗെ പറഞ്ഞു.

ബിഹാറിനെ ഇളക്കിമറിച്ച വോട്ടര്‍ അധികാര്‍ യാത്ര ഇന്നാണ് സമാപിച്ചത്. സമാപന സമ്മേളനത്തിന് മുന്നോടിയായി ഇൻഡ്യാ മുന്നണി നേതാക്കളുടെ നേതൃത്വത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത മഹാറാലി നടന്നു. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി 38 ജില്ലകളിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെ 1,300 കിലോമീറ്റർ സഞ്ചരിച്ചു. യാത്ര ബിഹാറിൽ ഒതുങ്ങില്ലെന്നും ഭരണഘടനയെ തകർക്കാൻ അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, വികാസ്ശീല്‍ ഇൻസാൻ പാർട്ടി മേധാവി മുകേഷ് സഹാനി, സിപിഐ (എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ, സിപിഐ (എം) ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐയുടെ ആനി രാജ, ടിഎംസി എംപി യൂസഫ് പത്താൻ, ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്, മറ്റ് ഇൻഡ്യാ മുന്നണി നേതാക്കൾ എന്നിവര്‍ പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാര്‍ച്ചന നടത്തിയാണ് നേതാക്കൾ മാര്‍ച്ച് ആരംഭിച്ചത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News