പ്രധാനമന്ത്രി പ്രഖ്യാപിച്ചത് 10 ലക്ഷം തൊഴില്‍, രാജ്യത്തിന് ആവശ്യം 9 കോടി അവസരങ്ങളെന്ന് വിദഗ്ധര്‍

നോട്ട് നിരോധനം, ജിഎസ്ടിയുടെ മോശം നടപ്പാക്കൽ, ആലോചനയില്ലാത്ത ലോക്ക്ഡൗൺ എന്നിവയിലൂടെ 14 കോടി തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷം

Update: 2022-06-15 10:17 GMT
Advertising

ഡല്‍ഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി 10.5 ലക്ഷം പേരുടെ റിക്രൂട്ട്മെന്‍റ് നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ ഒന്‍പതര കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നു.

പ്രതിവർഷം 2 കോടി തൊഴിലവസരങ്ങളാണ് 2014ല്‍ കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 8 ശതമാനത്തിനടുത്താണ്. 18 മാസത്തിനുള്ളിൽ വെറും 10.5 ലക്ഷം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിക്കുകയാണ് സര്‍ക്കാരെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല വിമര്‍ശിച്ചു. ഏകദേശം 21 ദശലക്ഷം സ്ത്രീകൾ തൊഴിലിടങ്ങളില്‍ നിന്ന് അപ്രത്യക്ഷരായി. യോഗ്യതയുള്ള ജനസംഖ്യയുടെ 9 ശതമാനം മാത്രമേ ജോലി ചെയ്യുന്നുള്ളൂവെന്നും സുർജേവാല പറഞ്ഞു.

അച്ഛേ ദിൻ വാഗ്ദാനം ചെയ്തും പ്രതിവര്‍ഷം 2 കോടി തൊഴിൽ നൽകുമെന്ന് വാഗ്ദാനം ചെയ്തുമാണ് പ്രധാനമന്ത്രി അധികാരത്തിൽ വന്നത്. ആ വാഗ്ദാനത്തിന് എന്ത് സംഭവിച്ചുവെന്ന് സുര്‍ജേവാല ചോദിക്കുന്നു. നോട്ട് നിരോധനം, ജിഎസ്ടിയുടെ മോശം നടപ്പാക്കൽ, ആലോചനയില്ലാത്ത ലോക്ക്ഡൗൺ എന്നിവയിലൂടെ 14 കോടി തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. എട്ട് വർഷം കൊണ്ട് 16 കോടി തൊഴിലവസരങ്ങൾ നൽകുന്നതിന് പകരം 14 കോടി തൊഴിലവസരങ്ങളാണ് നഷ്ടമായത്. അതിനാൽ രാജ്യത്ത് മൊത്തം തൊഴിൽ നഷ്ടം 30 കോടിക്ക് അടുത്താണെന്നും സുർജേവാല പറഞ്ഞു.

കേന്ദ്ര സർക്കാർ ഓഫീസുകളിൽ 30 ലക്ഷവും സംസ്ഥാന സര്‍വീസില്‍ 30 ലക്ഷവും ഒഴിവുകളുണ്ട്. സർക്കാർ 10.5 ലക്ഷം തൊഴിലവസരങ്ങള്‍ മാത്രം പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന് സുർജേവാല ചോദിക്കുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ അധ്യാപകന്‍ പ്രൊഫസര്‍ അരുണ്‍ കുമാര്‍ പറയുന്നതിങ്ങനെ- നിലവില്‍ ഏകദേശം 8.4 കോടി ആളുകൾക്ക് ജോലി ആവശ്യമാണ്, ഓരോ വർഷവും ഒരു കോടി ആളുകൾ എന്ന തോതില്‍ തൊഴിലന്വേഷകരുടെ എണ്ണം വര്‍ധിക്കുന്നു. നമുക്ക് ഇപ്പോൾ ഏകദേശം 9.5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. കൂടാതെ പ്രതിവർഷം ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച 10.5 ലക്ഷം തൊഴിലവസരങ്ങൾ പ്രശ്‌നം പരിഹരിക്കാൻ പോകുന്നില്ല".



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News