'വിന്‍ഡോയിലൂടെ പുറത്തേക്ക് ചാടി': കുടുംബം മുഴുവൻ മരണപ്പെട്ട സൗദി ബസ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ഷുഹൈബ്

ദുരന്തത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഷുഹൈബിന്റെ അവസാന ഇൻസ്റ്റാഗ്രാം സ്റ്റോറി, ഡ്രൈവറുടെ അടുത്തുള്ള സീറ്റിൽ നിന്ന് മുന്നിലുള്ള റോഡ് റെക്കോർഡ് ചെയ്യുന്നതാണ്

Update: 2025-11-18 12:56 GMT

മക്ക: മദീനയിൽ ഉംറ ബസ് കത്തി 45 ഹൈദരാബാദ് സ്വദേശികൾ മരിച്ചത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസ്, ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. എന്നാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഷുഹൈബ് മാത്രം. 

ഹൈദരാബാദുകാരനായ ഷുഹൈബിന്റെ മാതാവും പിതാവുമടക്കം അപകടത്തില്‍ മരിച്ചു. അത്ഭുതകരമായാണ് ഷുഹൈബ് രക്ഷപ്പെട്ടത്. ഡ്രൈവറുടെ അരികിലായിരുന്നു ഷുഹൈബിന്റെ ഇരിപ്പിടം. തീപിടിക്കുന്നതിന് മുമ്പ് തന്നെ ബസിന്റെ വിന്‍ഡോയിലൂടെ ഡ്രൈവറോടൊപ്പം ചാടിയത് കൊണ്ടാണ് ഷുഹൈബിന് രക്ഷപ്പെടാനായത്. സൗദിയിലെ ജർമ്മൻ ആശുപത്രിയിൽ ഐസിയുവിൽ കഴിയുകയാണിപ്പോള്‍ ഷുഹൈബ്.

Advertising
Advertising

അപകടം നടക്കുന്ന സമയം വരെ ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നു ഷുഹൈബ്. മക്കയിൽ നിന്നുള്ള ചിത്രങ്ങൾ, പുണ്യസ്ഥലങ്ങളിൽ നിന്നുള്ള വീഡിയോകൾ, സഹ തീർത്ഥാടകർക്കൊപ്പമുള്ള സെൽഫികൾ എന്നിവയുൾപ്പെടെ തീർത്ഥാടനത്തെക്കുറിച്ചുള്ള സന്തോഷകരമായ അപ്‌ഡേറ്റുകളായിരുന്നു അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിറഞ്ഞിരുന്നത്.

ദുരന്തത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഷുഹൈബിന്റെ അവസാന ഇൻസ്റ്റാഗ്രാം സ്റ്റോറി, ഡ്രൈവറുടെ അടുത്തുള്ള സീറ്റിൽ നിന്ന് മുന്നിലുള്ള റോഡ് റെക്കോർഡ് ചെയ്യുന്നതാണ്. എന്നാലിത് അവസാനത്തേതാകുമെന്ന് ഷുഹൈബോ കൂടെയുള്ളവരോ ആരും കരുതിക്കാണില്ല. കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കണമെന്ന് നേരത്തെയെടുത്ത തീരുമാനമായിരുന്നു. മാസങ്ങളായി ഇതിന് പിറകെയായിരുന്നു കുടുംബം.

അങ്ങനെ സൗദിയിലെത്തുകയും ചെയ്തു. എന്നാല്‍ ടാങ്കറുമായുള്ള കൂട്ടിയിടിയില്‍ എല്ലാം അവസാനിക്കുകയായിരുന്നു. 45 പേരാണ് അപകടത്തില്‍ മരിച്ചത്. അധികവും ഹൈദരാബാദ്, തെലങ്കാന സ്വദേശികള്‍. ഇതില്‍ ഷുഹൈബിന്റെ മാതാപിതാക്കളായ മുഹമ്മദ് അബ്ദുൾ ഖദീർ, ഗൗസിയ ബീഗം, മുത്തച്ഛൻ മുഹമ്മദ് മൗലാന എന്നിവരും ഉള്‍പ്പെടും. ഹൈദരാബാദിലെ ഒരു ഇന്റീരിയർ ഡിസൈനിംഗ് സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് 23 കാരനായ ഷുഹൈബ്.

ഫിറ്റ്നസ് നിലനിര്‍ത്തുന്നതില്‍ ശ്രദ്ധിക്കുകയും വേണ്ടതൊക്കെ നോക്കുകയും ചെയ്യുന്ന യുവാവ്. എന്നാലിപ്പോള്‍ ഗുരുതര പരിക്കുകളോടെ,  പൊള്ളലേറ്റ മുറിവുകളില്‍ ബാൻഡേജുകൾ കൊണ്ട് മൂടി ആശുപത്രിക്കിടക്കയിലാണ് ഷുഹൈബ്. പ്രാര്‍ത്ഥനകളോടെയാണ് നാട്ടുകാരും കൂട്ടുകാരും ഇപ്പോള്‍ കഴിയുന്നത്. പഴയ പ്രതാപത്തിലേക്ക് ഷുഹൈബിന് തിരികെ വരാനാകുമെന്നാണ് അവര്‍ കരുതുന്നത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News