ബൈക്ക് ടാക്‌സി നിരോധനം നീക്കി കര്‍ണാടക ഹൈക്കോടതി; സര്‍ക്കാറിന് നിയന്ത്രണം ഏര്‍പ്പെടുത്താം

2025 ജൂണിലാണ് ഹൈക്കോടതി ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ബൈക്ക് ടാക്സികള്‍ സുരക്ഷിതമല്ലെന്ന 2019ലെ വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു നടപടി

Update: 2026-01-23 07:35 GMT

ബംഗളൂരു: ബൈക്ക് ടാക്‌സി സര്‍വീസുകള്‍ സംസ്ഥാനത്ത് നിരോധിച്ച തീരുമാനം റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. എന്നാല്‍, ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് ആവശ്യമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും സര്‍ക്കാറിന് ഏര്‍പ്പെടുത്താമെന്ന് കോടതി വ്യക്തമാക്കി. ഇതോടെ, ഒല, ഊബര്‍, റാപ്പിഡോ തുടങ്ങിയ കമ്പനികള്‍ക്ക് ബൈക്ക് ടാക്‌സികള്‍ വീണ്ടും നിരത്തിലിറക്കാനാകും.

ബൈക്ക് ടാക്‌സികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയുള്ള ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് അനുവദിച്ചത്. ബൈക്കുകള്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യണമെന്നും കോണ്‍ട്രാക്ട് കാര്യേജസ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്താനും അനുമതി നല്‍കണമെന്ന ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

2025 ജൂണിലാണ് ഹൈക്കോടതി ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ബൈക്ക് ടാക്സികള്‍ സുരക്ഷിതമല്ലെന്ന 2019ലെ വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു നടപടി. ബൈക്ക് ടാക്സികളുടെ പ്രവര്‍ത്തനത്തിന് അനുയോജ്യമായ രീതിയില്‍ നിയമനിര്‍മാണം നടത്തിയാല്‍ നിരോധനം നീക്കുന്ന കാര്യം പരിഗണിക്കാമെന്ന സൂചനയും കോടതി നല്‍കിയിരുന്നു. അതേസമയം, കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനുള്ള സൗകര്യം നിഷേധിക്കുകയാണ് കോടതി ചെയ്യുന്നതെന്ന് ആരോപിച്ച് വ്യാപക പ്രതിഷേധവുമുയര്‍ന്നിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News