മോണോറെയിൽ ട്രെയിൻ പാളം തെറ്റി ഉദ്യോഗസ്ഥർക്ക് പരിക്ക്

ട്രെയിനിന്റെ ആദ്യ കോച്ചാണ് പാളംതെറ്റി ബീമിലിടിച്ചത്

Update: 2025-11-06 09:30 GMT





മുംബൈ: പരീക്ഷണയോട്ടത്തിനിടെ മോണോറെയിൽ ട്രെയിൻ പാളം തെറ്റി ബീമിലിടിച്ച് മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. വഡാല ഡിപ്പോയിൽ നടന്ന അപകടത്തിൽ ട്രെയിൻ ക്യാപ്റ്റൻ ഉൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്. പരീക്ഷണ ഓട്ടമായതിനാൽ ട്രെയിനിൽ യാത്രക്കാരില്ലാത്തതിനാൽ വലിയൊരു ദുരന്തം ഒഴിവായി. അപകടസമയത്ത് ട്രെയിൻ ക്യാപ്റ്റനും എൻജിനീയറും അടക്കം ആറുപേർ ട്രെയിനിലുണ്ടായിരുന്നതായി മോണോറെയിൽ സ്റ്റാഫ് യൂണിയൻ അറിയിച്ചു. പരിക്കേറ്റവരെ കാറിലാണ് ആശുപത്രിയിൽ എത്തിച്ചത്.

പുതിയതായി നിർമിച്ച മോണോറെയിൽ റേക്കിന്റെ പരീക്ഷണയോട്ടം നടത്തുന്നതിനിടെയാണ് അപകട. ട്രെയിനിന്റെ ആദ്യ കോച്ചാണ് പാളംതെറ്റി ബീമിലിടിച്ചത്. തുടർന്ന് വശത്തേക്ക് നീങ്ങി രണ്ട് തൂണുകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അപകടത്തിൽ റേക്കിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പിന്നീട് ക്രെയിനിന്റെ സഹായത്തോടെയാണ് അപകടത്തിൽപ്പെട്ട ട്രെയിൻ ട്രാക്കിൽനിന്ന് നീക്കിയത്.

നവീകരണ പ്രവൃത്തികളേത്തുടർന്ന് സെപ്റ്റംബർ 20 മുതൽ മുംബൈ മോണോറെയിൽ ട്രെയിൻ സർവീസ് നിർത്തിവെച്ചിരുന്നു. പതിവായി നടത്തുന്ന സിഗ്‌നലിങ് ട്രയലിനിടെയാണ് അപകടമുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News