കുർകുറെ ചോദിച്ചപ്പോൾ അമ്മ കെട്ടിയിട്ട് തല്ലി; 112ൽ വിളിച്ച് പൊലീസിനോട് പരാതിപ്പെട്ട് എട്ട് വയസുകാരൻ; ഒടുവിൽ ട്വിസ്റ്റ്...
കുട്ടി കരഞ്ഞതോടെ, 'കരയേണ്ട കെട്ടോ, ഞങ്ങൾ അങ്ങോട്ട് വരികയാണ്...' എന്നുപറഞ്ഞ് പൊലീസുകാരൻ കുട്ടിയെ ആശ്വസിപ്പിക്കുന്നു.
Photo| India Today
ഭോപ്പാൽ: മിഠായിയും ചോക്കലേറ്റുമൊക്കെ ചോദിച്ച് കുട്ടികൾ കരയുമ്പോൾ പലപ്പോഴും മാതാപിതാക്കൾ വാങ്ങിക്കൊടുക്കാറുണ്ട്. മക്കൾ അവ ചോദിക്കുന്നതിന്റെ പേരിൽ അവരെ തല്ലാൻ പാടില്ലെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, അങ്ങനെ തല്ലിയാലോ...? എന്തുചെയ്യും...? മക്കൾ കരയും, മാതാപിതാക്കളോട് പിണങ്ങിയിരിക്കും... ചിലപ്പോൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോകും... അല്ലെങ്കിൽ തല്ലിയ കാര്യം മറ്റാരോടെങ്കിലും പറയും... അത്തരമൊരു സംഭവമാണ് മധ്യപ്രദേശിലുണ്ടായിരിക്കുന്നത്. ഒടുവിൽ ഒരു അപ്രതീക്ഷിത ട്വിസ്റ്റുമുണ്ടായി.
കുർകുറെ ചോദിച്ച് കരഞ്ഞ തന്നെ കെട്ടിയിട്ട് തല്ലിയെന്ന് എട്ട് വയസുകാരന്റെ പരാതി. മധ്യപ്രദേശിലെ സിംഗ്രൗലിയിലെ ചിതർവായ് കാലാ ഗ്രാമത്തിലാണ് സംഭവം. അമ്മയും സഹോദരിയും ചേർന്ന് തന്നെ കെട്ടിയിട്ട് തല്ലിയ കാര്യം പറയാൻ കുട്ടി വിളിച്ചത് പൊലീസിന്റെ എമർജൻസി നമ്പരായ 112ൽ. ഫോണെടുത്ത് പൊലീസ് ഉദ്യോഗസ്ഥൻ കാര്യമന്വേഷിച്ചു.
താൻ അമ്മയോട് 20 രൂപയുടെ കുർകുറെ വാങ്ങിത്തരാൻ പറഞ്ഞപ്പോൾ അമ്മയും സഹോദരിയും ചേർന്ന് കൈകൾ കയറുകൊണ്ട് കെട്ടിയ ശേഷം അടിച്ചെന്ന് കുട്ടി പൊലീസുകാരനോട് പറഞ്ഞു. ഉദ്യോഗസ്ഥൻ വിശദാംശം ചോദിക്കുമ്പോൾ അത് പറയുകയും പൊടുന്നനെ കുട്ടി സങ്കടം കൊണ്ട് കരയുന്നതും പൊലീസുകാർ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കേൾക്കാം.
കുട്ടി കരഞ്ഞതോടെ, 'കരയേണ്ട കെട്ടോ, ഞങ്ങൾ അങ്ങോട്ട് വരികയാണ്...' എന്നുപറഞ്ഞ് പൊലീസുകാരൻ കുട്ടിയെ ആശ്വസിപ്പിക്കുന്നു. തുടർന്ന് ഫോൺ വച്ച ശേഷം നാല് പാക്കറ്റ് കുർകുറെയുമായി പാെലീസുകാരനായ ഉമേഷ് വിശ്വകർമ കുട്ടിയുടെ വീട്ടിലേക്ക്... വീട്ടിലെത്തി അമ്മയെയും കുട്ടിയേയും വിളിപ്പിച്ച ശേഷം ഇനി കുട്ടിയെ അടിക്കരുതെന്ന് അമ്മയ്ക്ക് നിർദേശം നൽകി. കുട്ടിയെ സാന്ത്വനിപ്പിക്കുകയും ചെയ്തു. ഇതോടെ കുട്ടി ഹാപ്പി. ഇനി കുട്ടിയെ അടിക്കരുതെന്ന പാഠം അമ്മ പഠിക്കുകയും ചെയ്തു...