കേണൽ സോഫിയാ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശം: മൂന്നംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് മധ്യപ്രദേശ് സർക്കാർ

സുപ്രിംകോടതിയുടെ നിർദേശപ്രകാരമാണ് നടപടി

Update: 2025-05-20 02:25 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശത്തിൽ മധ്യപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സുപ്രിംകോടതിയുടെ നിർദേശപ്രകാരമാണ് നടപടി.ഐ ജി,ഡി ഐ ജി, എസ് പി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷിക്കുക. ബിജെപി മന്ത്രി വിജയ് ഷായുടെ പരാമർശത്തെ കുറിച്ചും സംഘം അന്വേഷിക്കും. 

വിജയ് ഷായുടെ വിദ്വേഷ പരാമർശക്കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കഴിഞ്ഞദിവസം  സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഐജി റാങ്കില്‍ കുറയാത്ത ഐപിഎസ് ഉദ്യോഗസ്ഥർ സംഘത്തിൽ വേണമെന്നും മധ്യപ്രദേശ് ഡിജിപിക്ക് സുപ്രിംകോടതി നിർദേശം നൽകിയിരുന്നു.

Advertising
Advertising

മന്ത്രിയുടെ ഖേദപ്രകടനം അംഗീകരിക്കുന്നില്ലെന്നും, പ്രസംഗത്തിന്റെ പ്രത്യാഘാതങ്ങൾ മന്ത്രി നേരിടണമെന്നും കോടതി പറഞ്ഞു. മന്ത്രി അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കേസിൽ വിജയ് ഷായുടെ അറസ്റ്റ് സുപ്രിംകോടതി തടയുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ്, മന്ത്രിയെ രൂക്ഷമായി വിമർശിച്ചിരുന്നു.വിജയ് ഷായുടെ പരാമർശം അംഗീകരിക്കാനാകില്ലെന്നും ഭരണഘടനാ പദവി വഹിക്കുന്നവർ സംസാരത്തിൽ മിതത്വം പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

ഭീകരവാദികളുടെ സഹോദരി എന്നാണ് സംസ്ഥാന ആദിവാസി ക്ഷേമ മന്ത്രി കൂടിയായ കുൻവർ വിജയ് ഷാ, സോഫിയ ഖുറേഷിയയെ പരോക്ഷമായി വിശേഷിപ്പിച്ചത്. ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു സര്‍ക്കാര്‍ പരിപാടിയിലാണ് മന്ത്രിയുടെ വിവാദ പരാമർശം.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ തിരിച്ചടിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെയും അഭിനന്ദിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശങ്ങള്‍ കടന്നുവന്നത്.‘ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവർക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അതേ സമുദായത്തിൽ നിന്നുള്ള സഹോദരിയെ അയച്ചു‘ -എന്നായിരുന്നു വിജയ്ഷായുടെ പരാമര്‍‌ശം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News