ഓട്ടോ ഓടിക്കാതെ മാസം 8 ലക്ഷം രൂപ വരുമാനം; മുംബൈ ഓട്ടോ ഡ്രൈവറുടെ 'ലോക്കര്‍ സേവനം' പൂട്ടിച്ച് പൊലീസ്
ലെൻസ്കാർട്ടിലെ പ്രൊഡക്റ്റ് ലീഡറും പരിചയസമ്പന്നനായ സംരംഭകനുമായ രാഹുൽ രൂപാനിയാണ് ഓട്ടോ ഡ്രൈവറെക്കുറിച്ച് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചത്
മുംബൈ: ഓട്ടോ ഓടിക്കാതെ പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന മുംബൈയിലെ ഓട്ടോ ഡ്രൈവറുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഈ വൈറൽ സ്റ്റോറി മൂലം പണി കിട്ടിയത് ഓട്ടോ ഡ്രൈവര്‍ക്ക് തന്നെയാണ്. ഇതോടെ സംഭവത്തെക്കുറിച്ച് അറിഞ്ഞ പൊലീസ് ഓട്ടോക്കാരന്‍റെ 'ലോക്കര്‍ സേവനത്തിന്' താഴിട്ടിരിക്കുകയാണ്.
ലെൻസ്കാർട്ടിലെ പ്രൊഡക്റ്റ് ലീഡറും പരിചയസമ്പന്നനായ സംരംഭകനുമായ രാഹുൽ രൂപാനിയാണ് ഓട്ടോ ഡ്രൈവറെക്കുറിച്ച് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചത്. പോസ്റ്റ് ശ്രദ്ധ നേടിയതോടെ, യുഎസ് കോൺസുലേറ്റ് സന്ദർശകർക്കായി സമാനമായ ലോക്കർ സേവനങ്ങൾ നടത്തിയിരുന്ന 12 പേർക്കൊപ്പം ഓട്ടോ ഡ്രൈവറെയും മുംബൈ പൊലീസ് വിളിച്ചുവരുത്തി. സുരക്ഷാ കാരണങ്ങളാൽ പ്രദേശത്ത് പാർക്കിംഗ് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ബികെസി പൊലീസ് സ്റ്റേഷനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഓട്ടോ ഡ്രൈവർമാർക്ക് യാത്രക്കാരെ കയറ്റാനും ഇറക്കാനും മാത്രമേ അവകാശമുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി. ലോക്കർ സേവനങ്ങൾ നടത്തുന്നതിനോ അടുത്തുള്ള കടകളിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിനോ ഉള്ള ലൈസൻസ് ഡ്രൈവർമാർക്ക് ഇല്ലായിരുന്നുവെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.ഏതെങ്കിലും വസ്തുക്കൾ തെറ്റായി വച്ചാൽ അത് ഗുരുതരമായ സുരക്ഷാ അപകടങ്ങൾക്ക് കാരണമാകുമെന്ന് അധികാരികൾ ആശങ്ക പ്രകടിപ്പിച്ചു.
"ഓട്ടോ ഡ്രൈവർക്ക് ലോക്കർ സർവീസ് നടത്താനുള്ള ലൈസൻസ് ഇല്ല, യാത്രക്കാരെ കൊണ്ടുപോകാനുള്ള ലൈസൻസ് മാത്രമേയുള്ളൂ. അതിനാൽ, ഞങ്ങൾ ഇക്കാര്യം അന്വേഷിച്ചു, ഇപ്പോൾ അയാൾ ലോക്കര്‍ സേവനം നിർത്തി," പൊലീസ് ഫ്രീ പ്രസ് ജേണലിനോട് പറഞ്ഞു.
മുംബൈയിലെ യുഎസ് കോണ്‍സുലേറ്റിന് പുറത്തായിരുന്നു പ്രസ്തുത ഓട്ടോക്കാരൻ ഓട്ടോ ഓടിച്ചിരുന്നത്. മുംബൈയിലെ യുഎസ് കോണ്‍സുലേറ്റിനുള്ളില്‍ വിസ അപേക്ഷകള്‍ നല്‍കാനായി എത്തുന്നവര്‍ക്ക് ബാഗുകള്‍ ഉള്ളിലേക്ക് കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. ഈ അവസരമാണ് ഓട്ടോ ഡ്രൈവര്‍ പ്രയോജനപ്പെടുത്തുന്നത്. ആയിരക്കണക്കിന് വിസ അപേക്ഷകരാണ് എല്ലാ ദിവസവും കോണ്‍സുലേറ്റില്‍ എത്തുന്നത്. ബാഗുകള്‍ കോണ്‍സുലേറ്റിന് ഉള്ളിലേക്ക് കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ഇതിന് സമീപത്തായി ഔദ്യോഗികമായി ലോക്കര്‍ സംവിധാനമൊന്നുമില്ല. രേഖകളും ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് വസ്തുക്കളും സ്വകാര്യ വസ്തുക്കളും കയ്യില്‍ കരുതുന്നത് ഇവിടെയത്തുമ്പോള്‍ തലവേദനയാകും. ഈ ബാഗുകൾ ഓട്ടോയിൽ സൂക്ഷിക്കുന്ന ജോലിയാണ് ഡ്രൈവര്‍ ചെയ്തുകൊണ്ടിരുന്നത്.
"ഈയാഴ്ച മുംബൈയിലെ യുഎസ് കോണ്‍സുലേറ്റില്‍ വിസയ്ക്ക് അപേക്ഷിക്കുന്നതിനായി എനിക്ക് പോകേണ്ടി വന്നു. സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്നോട് ബാഗ് ഉള്ളിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പറഞ്ഞു. പകരം ലോക്കര്‍ സംവിധാനങ്ങളൊന്നുമില്ലായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഫുട്പാത്തില്‍ നില്‍ക്കുമ്പോഴാണ് ഒരു ഓട്ടോ ഡ്രൈവര്‍ എന്നെ കൈവീശി വിളിക്കുന്നത്. സര്‍ ബാഗ് എന്നെ ഏല്‍പ്പിച്ചോളൂ. ഞാന്‍ സുരക്ഷിതമായി സൂക്ഷിക്കാം. എല്ലാ ദിവസവും ഞാന്‍ ഇപ്രകാരം ചെയ്യുന്നുണ്ട്. പകരം വെറും ആയിരം രൂപ മാത്രം നല്‍കിയാല്‍ മതിയാകും എന്ന് അയാൾ പറഞ്ഞു," എന്നായിരുന്നു രൂപാനിയുടെ പോസ്റ്റ്. ദിവസേന 20 മുതൽ 30 വരെ ബാഗുകൾ ലഭിക്കുന്നതിലൂടെ, ഡ്രൈവർക്ക് ഒരു ദിവസം ₹20,000 മുതൽ ₹30,000 വരെ വരുമാനമാണ് നേടിയിരുന്നത്.