ബാഗ് ഗ്രൗണ്ടിന് പുറത്ത് വെച്ച് ക്രിക്കറ്റ് കളിക്കാൻ പോയി; തിരിച്ചു വന്നപ്പോഴേക്കും നഷ്ടമായത് 6.72 ലക്ഷം രൂപ !

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നാല് ജ്വല്ലറികളിൽ അഞ്ചു ലക്ഷത്തിലധികം രൂപയുടെ ഷോപ്പിംഗ് നടത്തിയെന്ന് പൊലീസ്

Update: 2024-04-03 05:41 GMT
Editor : Lissy P | By : Web Desk
Advertising

മുംബൈ: ക്രിക്കറ്റ് കളിച്ച് തിരിച്ചുവരുമ്പോഴേക്കും 28 കാരന് നഷ്ടമായത് 6.72 ലക്ഷം രൂപ. ദക്ഷിണ മുബൈയിലാണ് തട്ടിപ്പ് നടന്നത്. ക്രോസ് മൈതാനിയിൽ ക്രിക്കറ്റ് കളിക്കാനായി പോയതായിരുന്നു ചാർട്ടേഡ് അക്കൗണ്ടന്റായ വിവേക് ദവെ എന്ന യുവാവ്. ഗ്രൗണ്ടിലേക്ക് ഇറങ്ങും മുമ്പ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉൾപ്പെടെയുള്ളവ ബാഗിലാക്കി  പുറത്ത് വെച്ചു.

മാർച്ച് 30 നാണ് സംഭവം നടന്നത്. ക്രിക്കറ്റ് കളി കഴിഞ്ഞ് ബാഗുമെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പണം നഷ്ടമായതായി മൊബൈലിൽ സന്ദേശം എത്തിയത്.  ബാഗ് നോക്കിയപ്പോൾ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നഷ്ടപ്പെട്ടില്ലെന്ന് മനസിലായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആരോ ബാഗിൽ നിന്ന് കാർഡുകൾ മോഷ്ടിച്ച് പണം തട്ടിയെടുത്തതായി മനസിലായി.

മൂന്ന് മണിക്കൂറോളമാണ് യുവാവ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചത്. ഈ സമയത്താണ് പ്രതി കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചത്. ഒരു അക്കൗണ്ടിൽ നിന്ന് ഏകദേശം ഒരു ലക്ഷം രൂപയും ക്രൈഡിറ്റ് കാർഡ് ഉപയോഗിച്ച് അഞ്ച് ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ നടത്തിയതായും പൊലീസ് കണ്ടെത്തി .പ്രതി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ മോഷ്ടിച്ച് എടിഎമ്മിൽ നിന്ന് ഒരു ലക്ഷം രൂപ പിൻവലിക്കുകയും നാല് ജ്വല്ലറികളിൽ അഞ്ചു ലക്ഷത്തിലധികം രൂപയുടെ ഷോപ്പിംഗ് നടത്തുകയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.

പണം പിൻവലിച്ച ശേഷം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഒന്നുമറിയാത്ത പോലെ തിരിച്ച് ബാഗിൽ വെച്ച് മുങ്ങുകയും ചെയ്തു.   ആഭരണങ്ങൾ വാങ്ങിയ കടയിൽ നിന്ന് പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News