Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
മുംബൈ: മുംബൈയില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് മോണോറെയില്‍ വഴിയില്‍ കുടുങ്ങി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് രണ്ട് സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ കുടുങ്ങുകയായിരുന്നു. ഉയര്‍ന്ന ട്രാക്കിലൂടെ ഓടുന്ന ട്രെയിന്‍ തകരാറിലായതോടെ 500ലധികം യാത്രക്കാര്‍ രണ്ട് മണിക്കൂറിലധികം വഴിയില്‍ കുടുങ്ങി.
ഇന്ന് വൈകുന്നേരം 6.15 ഓടെയാണ് അപകടം. മൈസൂര്‍ കോളനിക്കും ഭക്തി പാര്‍ക്ക് സ്റ്റേഷനുകള്‍ക്കുമിടയില്‍ ഓടിക്കൊണ്ടിരിക്കെയാണ് മോണോ റെയിലിന് സാങ്കേതിക തകരാര്‍ സംഭവിച്ച് ട്രെയിന്‍ കുടുങ്ങിയത്. അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും ക്രെയിനുകള്‍ ഉപയോഗിച്ച് യാത്രക്കാരെ പുറത്തെത്തിക്കാന്‍ ശ്രമം നടത്തുകയാണ്.
ട്രെയിന്‍ ഓഫായി ഒരു മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു. ട്രെയിനില്‍ കുറഞ്ഞത് 500 യാത്രക്കാരെങ്കിലും ഉണ്ടായിരുന്നു എന്നാണ് വിവരം. 30 മിനിറ്റ് വൈകിയാണ് ട്രെയിന്‍ എത്തിയത്. അതിനാല്‍ തന്നെ ട്രെയിന്‍ മുഴുവന്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞിരുന്നു.
എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കും. എല്ലാവരും ക്ഷമയോടെയിരിക്കണം. എംഎംആര്‍ഡിഎ കമീഷണര്‍, മുനിസിപ്പല്‍ കമീഷണര്‍, പൊലീസ് തുടങ്ങി ബന്ധപ്പെട്ട എല്ലാ ഏജന്‍സികളുമായും ബന്ധപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും യാത്രക്കാര്‍ പരിഭ്രാന്തരാകരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.