''എന്നേക്കാൾ എൻ്റെ കുടുംബം അനുഭവിച്ചു''; മുത്തശ്ശി മരിക്കുന്നതിന് 24 മണിക്കൂർ മുമ്പ് അഭിജീത് ദീപ്കെയുടെ തുറന്നുപറച്ചിൽ

ജൂലൈയില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ തന്റെ അമ്മയെയും അച്ഛനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് അഭിജീത് വെളിപ്പെടുത്തി

Update: 2026-10-10 12:20 GMT
Editor : Athulya | By : Athulya

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ രാജ്യതലസ്ഥാനം പ്രകമ്പനം കൊള്ളുന്നതിനിടയില്‍, സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു. സിജെപി നേതാക്കളായ അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ദുഃഖവാര്‍ത്ത പുറത്തുവരുന്നത്. അഭിജീത് ദീപ്‌കെയുടെ പിതാവ് ഭഗവാന്‍ ദീപ്‌കെയുടെ അമ്മ സാവിത്രി ശങ്കര്‍ ദീപ്‌കെ(85) ആണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളും ദീര്‍ഘനാളത്തെ അസുഖവും മൂലം ചികിത്സയിലായിരുന്നു.

Advertising
Advertising

മുത്തശ്ശിയുടെ മരണവാർത്ത പുറത്തുവന്നതോടെ ഇന്നലെ മുംബൈയിലെ പരിപാടിയിൽ വെച്ച് അഭിജീത് ദീപ്കെ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. സർക്കാരിനെതിരെ രംഗത്തിറങ്ങിയതോടെ തന്നേക്കാള്‍ കൂടുതല്‍ തന്റെ കുടുംബമാണ് പ്രയാസത്തിലായിരിക്കുന്നതെന്നാണ് ലോകസത്തയുടെ പൊതുസംവാദ പരിപാടിയില്‍വെച്ച് അഭിജീത് ദീപ്‌കെ പറഞ്ഞത്. 

ജൂലൈയില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ തന്റെ അമ്മയെയും അച്ഛനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് അഭിജീത് വെളിപ്പെടുത്തി. സഹതാപം വേണ്ടാത്തതിനാല്‍ അതിനെക്കുറിച്ച് എവിടെയും സംസാരിച്ചില്ല. മാതാപിതാക്കളെ കാണാന്‍ ചെന്നാല്‍ 'അഭിജീത് ഓടിപ്പോയി' എന്ന് ആളുകള്‍ വ്യാഖ്യാനിക്കുമെന്നതിനാല്‍ താന്‍ പോയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഇന്നും ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ അമ്മയുടെ കണ്ണുകളില്‍ ഭയമായിരുന്നു. ഞാന്‍ തിരിച്ചുവരുമോ ഇല്ലയോ എന്ന ആശങ്കയാണ് അമ്മയ്ക്ക്. അടുത്തിടെ ഞാന്‍ ബെംഗളൂരുവിലേക്ക് പോയപ്പോള്‍ എന്റെ അമ്മ കരയുകയായിരുന്നു. ഇതാണ് എനിക്ക് നൽകേണ്ടി വരുന്ന വില'' അഭിജീത് ദീപ്‌കെ പറഞ്ഞു.

മുത്തശ്ശിയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ അഭിജീതിന്റെ മാതാപിതാക്കളായ ഭഗവാൻ ദീപ്കെയും അനിതയും മഹാരാഷ്ട്രയിലെ ഹിംഗോളിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഛത്രപതി സംഭാജിനഗറിലെ ശങ്കർ സദൻ എന്ന വസതിയിലാണ് മുത്തശ്ശി താമസിച്ചിരുന്നത്. നാളെ രാവിലെ 9:30നും 10നും ഇടയിലാണ് അന്ത്യകര്‍മങ്ങള്‍ നടക്കുകയെന്ന് അഭിജീത് ദീപ്‌കെയുടെ അമ്മാവന്‍ പറഞ്ഞു. അഭിജീത് സ്വന്തം ഗ്രാമത്തിലെത്തി അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയിലുള്ള അദ്ദേഹത്തിന് മഹാരാഷ്ട്രയിലേക്ക് പോകാന്‍ അനുമതി ലഭിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Athulya

contributor

Similar News