'ഷര്‍ജീല്‍ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണം'; കോടതിയെ സമീപിച്ച് ഡല്‍ഹി പൊലീസ്

ജാമ്യകാലയളവിൽ മാധ്യമപ്രവർത്തകരുമായി സംവദിച്ചെന്നും ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്

Update: 2026-10-10 07:40 GMT

ന്യൂഡൽഹി: വിദ്യാര്‍ഥി ആക്ടിവിസ്റ്റ് ഷർജീൽ ഇമാമിന് അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി കോടതിയെ സമീപിച്ച് ഡൽഹി പൊലീസ്. സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഇമാമിന് 10 ദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ജാമ്യകാലയളവിൽ മാധ്യമങ്ങളോട് സംസാരിക്കാനോ വിവാഹച്ചടങ്ങുകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളല്ലാതെ മറ്റ് ഇടങ്ങൾ സന്ദർശനങ്ങൾ നടത്താനോ പാടില്ല എന്നതടക്കമുള്ള കർശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചിരുന്നത്.

എന്നാൽ, ഇടക്കാല ജാമ്യകാലയളവിൽ ഷർജീൽ ഇമാം മാധ്യമപ്രവർത്തകരുമായി സംവദിച്ചെന്നും ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബർ 4 മുതൽ ഇന്നുവരെ (ഒക്ടോബർ 10 വരെ) ഏഴ് ദിവസത്തേക്ക് ഡൽഹി കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തെ തുടർന്നാണ് അദ്ദേഹം തിഹാര്‍ ജയിലിൽ നിന്ന് മോചിതനായത്.

Advertising
Advertising

2020 ജനുവരി 28നാണ് ഡൽഹി പൊലീസ് ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ വർഗീയ സംഘർഷത്തിന് പിന്നിൽ മറ്റ് ഗൂഢാലോചകരുമായി ചേർന്ന് ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് ഷർജീൽ ഇമാമാണെന്നാണ് പൊലീസിന്റെ ആരോപണം. വടക്കുകിഴക്കൻ ഡൽഹിയിൽ 2020 ഫെബ്രുവരി 23ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് യുഎപിഎ വ്യവസ്ഥകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

താഹിർ ഹുസൈൻ, ഉമർ ഖാലിദ്, ഖാലിദ് സൈഫി, ഇഷാരത് ജഹാൻ, മീറൻ ഹൈദർ, ഗുൽഫിഷ ഫാത്തിമ, ഷിഫാ-ഉർ-റഹ്മാൻ, ആസിഫ് ഇഖ്ബാൽ തൻഹ (2021-ൽ ജാമ്യം ലഭിച്ചു), ഷദാബ് അഹമ്മദ്, തസ്ലീം അഹമ്മദ്, സലീം മാലിക്, മൊഹമ്മദ് സലീം ഖാൻ, അഥർ ഖാൻ, സഫൂറ സർഗർ (അറസ്റ്റിലായ സമയത്ത് ഗർഭിണിയായിരുന്നതിനാൽ മാനുഷിക പരിഗണനയിൽ ജാമ്യം ലഭിച്ചു), ഷർജീൽ ഇമാം, ഫൈസാൻ ഖാൻ, ദേവംഗന കളിത (ജാമ്യം ലഭിച്ചു), നതാഷ നർവാൾ (ജാമ്യം ലഭിച്ചു) എന്നിവരാണ് ഈ കേസിലെ മറ്റു പ്രതികൾ.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News