ചെന്നൈ: ചെന്നൈയില്‍ വാടകവീട്ടിലേക്ക് താമസം മാറ്റിയതിന് പിന്നാലെ തന്റെ സ്വകാര്യതയിലേക്ക് വീട്ടുടമ കയറിച്ചെല്ലുന്നുവെന്ന പരാതിയുമായി വാടകക്കാരന്‍. ചെന്നൈ നഗരമധ്യത്തിലെ വാടകവീട്ടിലേക്ക് കുടുംബവുമായി താമസം മാറിയതിന് പിന്നാലെയാണ് യുവാവിന്റെ ദുരനുഭവം. ബെഡ്‌റൂമിന്റേതടക്കം വാടകവീട്ടിലെ ഓരോ മുറിയുടെയും താക്കോല്‍ വീട്ടുടമ ആവശ്യപ്പെടുന്നുവെന്നും സ്വന്തം നിലക്ക് താക്കോല്‍ വാങ്ങി ഉപയോഗിക്കുന്നത് തടഞ്ഞുവെന്നുമാണ് യുവാവിന്റെ പരാതി. ഒരുപാട് അലഞ്ഞുനടന്നിട്ടാണ് നഗരമധ്യത്തില്‍ വാടകവീട് തരപ്പെട്ടതെന്നും വീട്ടുടമയുടെ പ്രവൃത്തി നിരാശാജനകമാണെന്നും യുവാവ് ഫേസ്ബുക്കില്‍ കുറിച്ചു.
'എന്റെ വീട്ടിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളുടേയും താക്കോല്‍ വേണമെന്ന് കുറച്ചുദിവസമായി വീട്ടുടമ ശാഠ്യം പിടിക്കുന്നു. ഒരുപാട് നേരത്തെ അലച്ചിലിനൊടുവിലാണ് നഗരമധ്യത്തില്‍ കുടുംബവുമൊത്ത് താമസിക്കാനൊരു സൗകര്യം തരപ്പെടുന്നത്. വീട്ടുടമ താഴെ നിലയിലും ഞാനും കുടുംബവും മുകളിലുമാണ് താമസം. നേരത്തെ അവിടെയുണ്ടായിരുന്ന താക്കോലിന് പുറമെ പുതിയൊരെണ്ണം ഉപയോഗിക്കുന്നതില്‍ അദ്ദേഹമെന്നെ കഴിഞ്ഞ ദിവസം വിലക്കുകയുണ്ടായി. മാത്രമല്ല, അദ്ദേഹത്തിന്റെ കയ്യിലാണെങ്കില്‍ സ്‌പെയര്‍ താക്കോലുമുണ്ട്. ഏത് നിമിഷം വേണമെങ്കിലും, ഞങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും വീട്ടുടമക്ക് ഇടിച്ചുകയറാനാകും. ഇത് നിരാശാജനകമാണ്. അംഗീകരിക്കാനാവില്ല.' അദ്ദേഹം പറഞ്ഞു.
'ഇതുമായി ബന്ധപ്പെട്ട് വീട്ടുടമയുമായി സംസാരിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഈ വ്യവസ്ഥകളോട് പൊരുത്തപ്പെടാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഞാനൊരു പുതിയ ലോക്ക് വാങ്ങി ഉപയോഗിക്കുകയാണെന്ന് പറഞ്ഞെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. ഇടക്കിടെ പരിശോധന നടത്താനും വൃത്തിയാക്കുന്നതിനുമായി മുറിയുടെ താക്കോല്‍ വേണമെന്നാണ് അദ്ദേഹം പറയുന്നത്.'
വൃത്തിയാക്കുന്നതിനും പരിശോധനയ്ക്കും താന്‍ എതിരല്ലന്നും അതിന് പ്രത്യേകം നിശ്ചയിച്ച സമയം പാലിക്കണമെന്നും യുവാവ് ആവശ്യപ്പെടുകയായിരുന്നു. വാടകവീട്ടില്‍ മുന്‍പൊരിക്കല്‍ അപ്രതീക്ഷിതമായി ഭീകരമായ തീപിടിത്തമുണ്ടായിരുന്നെന്നും അതിനാലാണ് വാശി പിടിക്കുന്നതെന്നും പറഞ്ഞ് വീട്ടുടമ ഈ നിര്‍ദേശവും തള്ളിക്കളഞ്ഞെന്ന് യുവാവ് പറഞ്ഞു.
'ഇവിടേക്ക് താമസം പൂര്‍ണമായി മാറുന്നതിന് മുന്‍പേ വ്യവസ്ഥകള്‍ വ്യക്തമായി പറഞ്ഞിരുന്നെങ്കില്‍ പ്രയാസമുണ്ടാകുമായിരുന്നില്ല. സ്‌പെയര്‍ കീ വീട്ടുടമ കൈവശം വെക്കുമെന്ന് എഴുതപ്പെട്ട രേഖകളോ നിര്‍ദേശങ്ങളോ ഉണ്ടായിരുന്നില്ല. നിയമാനുസൃതം ഇത് ശരിയാണോ? ഇവിടെ വാടകക്ക് താമസിക്കുന്നവനും ചില അവകാശങ്ങളില്ലേ?' വാടകക്കാരന്‍ കൂട്ടിച്ചേര്‍ത്തു.
വാടകക്കാരനും വീട്ടുടമയും തമ്മിലുള്ള തര്‍ക്കവിഷയത്തെ സംബന്ധിച്ചുള്ള പോസ്റ്റിന് കീഴില്‍ നിരവധി പേരാണ് പിന്തുണ നല്‍കിക്കൊണ്ടുള്ള കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ വാശിക്കാരനായ വീട്ടുടമയ്ക്ക് വഴങ്ങിക്കൊടുക്കുന്നതിലും ഭേദം മറ്റൊരു താമസസ്ഥലം നോക്കിപ്പോകുന്നതാണ് നല്ലതെന്നായിരുന്നു ഭൂരിഭാഗം യൂസര്‍മാരുടെയും അഭിപ്രായം. ഇതുപോലുള്ള സാഹചര്യങ്ങളില്‍ ഒരുനിലക്കും വഴങ്ങിക്കൊടുക്കാതെ നല്ലൊരു അഭിഭാഷകനെ കണ്ടെത്തി പോരാടണമെന്ന് മറ്റൊരാള്‍.
വീട്ടുടമയുടെ ഉദ്ദേശ്യം നല്ലതായി തോന്നുന്നില്ലെന്നും നിങ്ങളുടെ കീ ആവശ്യപ്പെടുന്നതുപോലെ കരുതലിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കീയും ആവശ്യപ്പെടരുതോയെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. ഏതായാലും, നഗരമധ്യങ്ങളില്‍ കുടുംബവുമൊത്ത് താമസിക്കാന്‍ വാടകവീടുകള്‍ കണ്ടെത്തുന്നതിലുള്ള പ്രയാസത്തെ കുറിച്ച് വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമായിരിക്കുകയാണ്.