നാഗാലാന്‍ഡ് വെടിവെയ്പ്പ്; ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

അതേസമയം 15 ഗ്രാമീണർ കൊല്ലപ്പെട്ട നാഗാലൻഡിലെ വെടിവെപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷാ സേനയെ ന്യായീകരിച്ച് രംഗത്തെത്തി.

Update: 2021-12-06 14:28 GMT
Advertising

നാഗാലാന്‍ഡ് വെടിവെയ്പ്പില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രതിരോധ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നാഗാലാന്‍ഡ് ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരോട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോർട്ട് തേടിയിട്ടുണ്ട്. ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.

അതേസമയം അസം റൈഫിള്‍സ് ഖനിത്തൊഴിലാളികള്‍ക്ക് നേരെ വെടിവെച്ചത് അകാരണമായാണെന്ന് നാഗാലാന്‍ഡ് ഡിജിപി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിരായുധരായ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ആറ് പേരാണ് തല്‍ക്ഷണം മരിച്ചത്. പ്രതിഷേധിച്ച ഗ്രാമീണര്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ ഏഴ് പേർ കൂടി കൊല്ലപ്പെട്ടു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ പിന്നീട് മരിച്ചു. ഇതുവരെ ആകെ 15 പേര്‍ക്കാണ് സൈന്യത്തിന്‍റെ വെടിവെപ്പില്‍ ജീവന്‍ നഷ്ടമായത്. വെടിവെപ്പില്‍ പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണരുടെ പ്രതിഷേധത്തില്‍ അർധ സൈനിക വിഭാഗത്തിന്‍റെ മൂന്ന് വാഹനങ്ങള്‍ അഗ്നിക്കിരയായെന്നും റിപ്പോര്‍ട്ടിലുണ്ട്.

മൃതദേഹങ്ങള്‍ ക്യാമ്പിലേക്ക് കൊണ്ടുപോകാനായി അസം റൈഫിള്‍സ് ലോറിയില്‍ ഒളിപ്പിക്കാന്‍ ശ്രമം നടന്നതായും ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 15 ഗ്രാമീണർ കൊല്ലപ്പെട്ട നാഗാലൻഡിലെ വെടിവെപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷാ സേനയെ ന്യായീകരിച്ച് രംഗത്തെത്തി. ആത്മരക്ഷാര്‍ത്ഥമാണ് സൈനികര്‍ വെടിയുതിര്‍ത്തതെന്ന് അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

സഭാനടപടികൾ നിർത്തിവച്ചു നാഗാലാ‌ൻഡ് വെടിവെപ്പ് ചർച്ച ചെയ്യണമെന്നാണ്‌ രാവിലെ മുതൽ പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്. കോൺഗ്രസ് -തൃണമൂൽ-സിപിഎം അംഗങ്ങൾ ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസും നൽകിയിരുന്നു. അമിത്ഷാ ഇരുസഭകളിലും പ്രസ്താവന നടത്തുമെന്ന് അറിയിച്ചതോടെയാണ് ലോക്സഭ തെല്ലൊന്ന് ശാന്തമായത്. രാജ്യസഭാ പ്രക്ഷുബ്ധമായി തുടർന്നു. തെറ്റിദ്ധാരണയാണ് മോൺ ജില്ലയിലെ വെടിവെപ്പിൽ കലാശിച്ചെന്നു അമിത് ഷാ സഭയെ അറിയിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News