ആര്യൻ ഖാനൊപ്പം സെൽഫിയെടുത്തത് തങ്ങളുടെ ഓഫീസറല്ലെന്ന് എൻ.സി.ബി

ശനിയാഴ്ച രാത്രിയാണ് മുംബൈ തീരത്തെ ക്രൂയിസ് കപ്പലിൽ എൻ.സി.ബി നടത്തിയ റെയ്ഡിനിടെ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായത്

Update: 2021-10-04 05:10 GMT
Advertising

ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാനൊപ്പം സെൽഫിയെടുത്തയാൾ തങ്ങളുടെ ഓഫീസറോ ജോലിക്കാരനോ അല്ലെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.). ആര്യനൊപ്പം ഒരാൾ എടുത്ത സെൽഫി ട്വിറ്ററിലടക്കം പ്രചരിച്ച സാഹചര്യത്തിലാണ് ലഹരിവിരുദ്ധ ഏജൻസിയുടെ വിശദീകരണം.

എന്നാൽ ഉദ്യോഗസ്ഥനോ ജോലിക്കാരനോ അല്ലാത്തയാൾ എങ്ങനെ കസ്റ്റഡിയിലുള്ള ആര്യനടുത്തെത്തി സെൽഫിയെടുത്തൂവെന്ന ചോദ്യം സാമൂഹിക മാധ്യമങ്ങളിൽ പലരും ഉന്നയിക്കുന്നുണ്ട്.

ശനിയാഴ്ച രാത്രിയാണ് മുംബൈ തീരത്തെ ക്രൂയിസ് കപ്പലിൽ എൻ.സി.ബി നടത്തിയ റെയ്ഡിനിടെ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായത്. പരിശോധനയിൽ നിരോധിത ലഹരി ഉൽപന്നങ്ങൾ പിടിച്ചെടുത്തിരുന്നു.

ആദ്യ മൂന്ന് പ്രതികളായ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് മൂന്ന് പ്രതികളെയും ഒരു ദിവസത്തെ എൻസിബി കസ്റ്റഡിയിൽ വിട്ടത്. ബാക്കിയുള്ള അഞ്ച് പ്രതികളായ നൂപുർ സതിജ, ഇഷ്മീത് സിംഗ് ഛദ്ദ, മോഹക് ജയ്‌സ്വാൾ, ഗോമിത് ചോപ്ര, വിക്രാന്ത് ചോക്കർ എന്നിവരെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് എസിഎംഎം കോടതിയിൽ ഹാജരാക്കും.

ആര്യൻ ഖാനെയാണ് കേസിൽ ഒന്നാം പ്രതിയായി ചേർത്തിരിക്കുന്നത്. കപ്പലിൽ നിന്ന് 1.33 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടിയെന്നാണ് എൻസിബി കോടതിയിൽ വ്യക്തമാക്കിയത്.

ലഹരി ഉപയോഗിച്ചതിനൊപ്പം വാങ്ങിയതിനും വിറ്റതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഫാഷൻ ടിവി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ കാഷിഫ് ഖാന്റെ നേതൃത്വത്തിലാണ് മുംബൈയിലെ കോർഡേലിയ എന്ന ആഡംബര കപ്പലിൽ മൂന്ന് ദിവസത്തെ സംഗീത യാത്ര പുറപ്പെട്ടത്. ബോളിവുഡ്, ഫാഷൻ, ബിസിനസ് മേഖലകളിലുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘാടകരുടെ ക്ഷണപ്രകാരമാണ് ആര്യൻ ഖാൻ എത്തിയതെന്നാണ് വിവരം.

കപ്പലിൽ നിരോധിത ലഹരി മരുന്നുകളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻസിബി ഉദ്യോഗസ്ഥരും യാത്രക്കാരെന്ന വ്യാജേന കപ്പലിൽ കയറുകയായിരുന്നു എന്നാണ് എൻസിബി വൃത്തങ്ങൾ പറയുന്നത്. കപ്പൽ നടുക്കടലിൽ എത്തിയതോടെയാണ് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. എംഡിഎംഎ, കൊക്കെയിൻ തുടങ്ങിയ ലഹരിവസ്തുക്കൾ പിടികൂടിയെന്ന് എൻസിബി സംഘം വ്യക്തമാക്കി. 'രണ്ടാഴ്ച നീണ്ടുനിന്ന അന്വേഷണത്തിന്റെ ഫലമാണിത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ചില ബോളിവുഡ് ബന്ധങ്ങൾ വ്യക്തമായി'- എൻസിബി മേധാവി എസ് എൻ പ്രധാൻ എ.എൻ.ഐയോട് പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News