'ബിഹാറിൽ എൻഡിഎയുടെ വിജയം തട്ടിപ്പിലൂടെ, ജനാധിപത്യം അതീവഗുരുതരാവസ്ഥയിലൂടെ കടന്നുപോകുന്നു': കെ.സി വേണു​ഗോപാൽ

ബിഹാറിലെ പരാജയം വിലയിരുത്തി ഡൽഹിയിൽ കോൺ​ഗ്രസ് ചേർന്ന യോ​ഗത്തിന് പിന്നാലെ മാധ്യമങ്ങളുടെ ചോ​ദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അ​ദ്ദേഹം

Update: 2025-11-15 07:30 GMT

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചത് തട്ടിപ്പിലൂടെയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ. ഫലം വിലയിരുത്തിയാൽ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും. തോറ്റതുകൊണ്ട് മുഖം രക്ഷിക്കാൻ വേണ്ടി പറയുന്നതല്ല. ഇന്ത്യൻ ജനാധിപത്യം അതീവ​ഗുരുതരമായ സ്ഥിതിയിലൂടെയാണ് കടന്നുപോകുന്നതെന്നും കെ.സി പറഞ്ഞു. ബിഹാറിലെ പരാജയം വിലയിരുത്തി ഡൽഹിയിൽ കോൺ​ഗ്രസ് ചേർന്ന യോ​ഗത്തിന് പിന്നാലെ മാധ്യമങ്ങളുടെ ചോ​ദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അ​ദ്ദേഹം.

'ബിഹാറിലേത് വോട്ട് കൊള്ളയാണെന്നതിൽ സംശയമില്ല. ഹരിയാനയിലും ഞങ്ങളിത് പറഞ്ഞതാണ്. ഞങ്ങൾ ഇതുവരെ ഉന്നയിച്ച കാര്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയിട്ടില്ല. ഹരിയാനയിൽ ഫലം പുറത്തുവന്നപ്പോഴും ഞങ്ങൾ ഇതേകാര്യം പറഞ്ഞതാണ്. ഞങ്ങൾ ഉന്നയിച്ച കാര്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെയും മറുപടി നൽകിയിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി കേരളം തയ്യാറായിരിക്കുമ്പോൾ കേരളത്തിലും ഇവർ എസ്ഐആർ നടപ്പിലാക്കിയിരിക്കുകയാണ്. ഇവരുടെ ഉദ്ദേശശുദ്ധി നല്ലതാണെങ്കിൽ മുഴുവൻ രാഷ്ട്രീയപാർട്ടികളും എതിർത്തിട്ടും എന്തുകൊണ്ടാണിവർ പദ്ധതിയുമായി മുന്നോട്ട് കൊണ്ടുപോകുന്നത്?' കെ.സി ചോദിച്ചു.

Advertising
Advertising

'ഇന്നലെ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്ന ബുദ്ധിയുള്ള ഏതൊരാൾക്കും അവിടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് മനസ്സിലാക്കാനാകും. എൻഡിഎയ്ക്കെതിരെ ജനങ്ങൾ വോട്ട് ചെയ്തിട്ടും ആ വോട്ട് രേഖപ്പെടുത്തപ്പെടാതെ പോകുകയാണ് ചെയ്യുന്നത്. ഇന്ത്യൻ ജനാധിപത്യം അതീവ​ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇതിലൂടെ മനസ്സിലാക്കുന്നത്. ഇതിനെതിരെ നിയമനടപടികളും ജനകീയപ്രക്ഷോഭങ്ങളുമായി ഞങ്ങൾ മുന്നോട്ട് പോകും. വോട്ടുകൊള്ള തെളിയിക്കുന്നതിനായി ബൂത്ത് തലത്തിൽ എത്ര വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കും.'

കോൺ​ഗ്രസിനെ പിളർത്താനുള്ള എല്ലാ ശ്രമങ്ങളും മോദി നടത്തുമെന്ന് തങ്ങൾക്ക് നേരത്തെ അറിയാം. ഇതൊന്നും കാണിച്ച് കോൺ​ഗ്രസ് പ്രവർത്തകരെ ഭയപ്പെടുത്താൻ കഴിയില്ലെന്നും ഇൻഡ്യ സഖ്യം കൂടുതൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കെ.സി കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ ദയനീയ പ്രകടനം വിലയിരുത്തുന്നതിനായി ഡൽഹിയിൽ ഇന്ന് കോൺ​ഗ്രസ് നേതാക്കളുടെ യോ​ഗം ചേർന്നിരുന്നു. യോ​ഗത്തിന് ശേഷം മാധ്യമങ്ങളെ പ്രതികരിക്കുകയായിരുന്നു കെ.സി വേണു​ഗോപാൽ.

നേരത്തെ, ബിഹാറിൽ എസ്ഐആറിന് ശേഷം മൂന്ന് ലക്ഷത്തിലധികം വോട്ടർമാരുടെ വർധന എങ്ങനെയുണ്ടായെന്ന് വ്യക്തമാക്കണമെന്ന് സിപിഐ ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ ആവശ്യപ്പെട്ടിരുന്നു. എസ്‌ഐആറിന് ശേഷം ബിഹാറിലെ വോട്ടർമാരുടെ എണ്ണം 7.42 കോടിയായെന്ന് ഭട്ടാചാര്യ ചൂണ്ടിക്കാട്ടി. എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞ കണക്കുകൾ പ്രകാരം 7,45,26,858 ആണ് വോട്ടർമാരുടെ എണ്ണം. അതായത് മൂന്ന് ലക്ഷത്തിലധികം വോട്ടർമാരുടെ വർധന. ഈ പൊരുത്തക്കേട് കമ്മീഷൻ വിശദീകരിക്കണമെന്ന് ഭട്ടാചാര്യ ആവശ്യപ്പെട്ടു.

ബിഹാറിന് ശേഷം വിവിധ സംസ്ഥാനങ്ങളിൽ ആരംഭിച്ചിരിക്കുന്ന എസ്‌ഐആർ നടപടിക്രമങ്ങൾ ഇതിനകം തന്നെ വ്യാപക വിമർശനത്തിന് കാരണമായിട്ടുണ്ട്. വോട്ടർ പട്ടികയിൽ പൊരുത്തക്കേടുകൾ, വെട്ടിമാറ്റലുകൾ, ക്രമക്കേടുകൾ എന്നിവ ആരോപിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തുകയും ചെയ്തു. ബിഹാറിൽ തന്നെ അന്തിമ പട്ടികയിൽ നിന്ന് 47 ലക്ഷം വോട്ടർമാരെ വെട്ടിയെന്നാണ് പരാതി.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News