പേര് തിരുത്താന്‍ പുതിയ നിബന്ധനകള്‍; അറിഞ്ഞോ ആധാറിലെ പുതിയ മാറ്റങ്ങള്‍

സമർപ്പിക്കുന്ന രേഖകൾ, സത്യവാങ്മൂലങ്ങൾ, ഗസറ്റ് വിജ്ഞാപനങ്ങൾ എന്നിവയുടെ ആധികാരികത കർശനമായി പരിശോധിച്ച ശേഷമേ ഇനി പേര് മാറ്റി നൽകുകയുള്ളൂ

Update: 2026-10-07 04:12 GMT

ന്യൂഡല്‍ഹി: ആധാർ കാർഡിലെ പേര് തിരുത്തുന്നതിനും മാറ്റുന്നതിനുമുള്ള നിയമങ്ങളിൽ പുതിയ പരിഷ്കാരങ്ങൾ വരുത്തി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). പുതിയത് പ്രകാരം പേര് മാറ്റാനുള്ള അപേക്ഷകളെ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സമർപ്പിക്കുന്ന രേഖകൾ, സത്യവാങ്മൂലങ്ങൾ, ഗസറ്റ് വിജ്ഞാപനങ്ങൾ എന്നിവയുടെ ആധികാരികത കർശനമായി പരിശോധിച്ച ശേഷമേ ഇനി പേര് മാറ്റി നൽകുകയുള്ളൂ. ആധാർ ഉടമകൾ അറിഞ്ഞിരിക്കേണ്ട പ്രധാന 5 കാര്യങ്ങൾ താഴെ നൽകുന്നു:   

ചെറിയ തിരുത്തലുകൾക്ക് തിരിച്ചറിയൽ രേഖ മാത്രം മതി

വ്യക്തിയുടെ തിരിച്ചറിയലിൽ വ്യത്യാസം വരാത്ത ചെറിയ മാറ്റങ്ങളെയാണ് 'ചെറിയ പേര് തിരുത്തലുകൾ' ആയി കണക്കാക്കുന്നത്. പേരിന്റെ ആദ്യാക്ഷരങ്ങൾ പൂർണരൂപത്തിലാക്കുക, മധ്യനാമമോ കുടുംബപ്പേരോ ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യുക, പേരുകളുടെ ക്രമം മാറ്റുക, ഉച്ചാരണത്തിൽ മാറ്റമില്ലാത്ത അക്ഷരപ്പിശകുകൾ തിരുത്തുക എന്നിവക്ക് അംഗീകൃത തിരിച്ചറിയൽ രേഖ സമർപ്പിച്ചാൽ മതിയാകും. 

Advertising
Advertising

വിവരശേഖരണത്തിലെ പിഴവുകൾക്ക് സത്യവാങ്മൂലം വേണം

ആധാറിൽ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോഴുണ്ടായ ഡാറ്റാ-എൻട്രി പിഴവുകൾ മൂലം പേര് തെറ്റിയതാണെങ്കിൽ പ്രത്യേക രീതിയാണ്.

സത്യവാങ്മൂലത്തോടൊപ്പം(Annexure B) തിരിച്ചറിയൽ രേഖയോ ബന്ധം തെളിയിക്കുന്ന രേഖയോ ആണ് മുതിര്‍ന്നവര്‍ നല്‍കേണ്ടത്. കുട്ടികളാണെങ്കില്‍  രക്ഷിതാക്കള്‍ സത്യവാങ്മൂലത്തോടൊപ്പം(Annexure C) ആവശ്യമായ രേഖകൾ സമർപ്പിക്കണം. അപേക്ഷയിൽ ആവശ്യപ്പെടുന്ന ശരിയായ പേര് നേരത്തെ യുഐഡിഎഐയിൽ സമർപ്പിച്ച ഏതെങ്കിലും ഔദ്യോഗിക രേഖയുമായി പൊരുത്തപ്പെടണം, അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടും

വിവാഹം, വിവാഹമോചനം: കുടുംബപ്പേര് മാറ്റത്തിന് പ്രത്യേക നിയമം

വിവാഹത്തിനോ വിവാഹമോചനത്തിനോ ശേഷം ആധാറിൽ കുടുംബപ്പേര് മാറ്റാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ തിരിച്ചറിയൽ രേഖയ്‌ക്കൊപ്പം സത്യവാങ്മൂലവും(Annexure D) സമർപ്പിക്കണം. പേര് മാറ്റുന്നത് വിവാഹം അല്ലെങ്കിൽ വിവാഹമോചനം മൂലമാണെന്നും വ്യക്തിത്വത്തിൽ മാറ്റമൊന്നുമില്ലെന്നും ഈ സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം. രജിസ്റ്റർ ചെയ്ത വിവാഹ സർട്ടിഫിക്കറ്റും രേഖയായി ഉപയോഗിക്കാം. 

 ചില തിരുത്തലുകൾക്ക് രേഖകൾ ആവശ്യമില്ല

ചില ചെറിയ തിരുത്തലുകൾക്ക് രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല. വലിയക്ഷരങ്ങളുടെ ക്രമത്തിലുണ്ടായ പിഴവുകൾ ശരിയാക്കൽ (ഉദാഹരണത്തിന്: "RaMesh" എന്നത് "Ramesh" എന്ന് തിരുത്തൽ). പേരിലെ കുത്തുകൾ ഒഴിവാക്കല്‍ എന്നിവക്ക്  മുതിർന്നവർ  സത്യവാങ്മൂലവും(Annexure E) കുട്ടികൾ സത്യവാങ്മൂലവും (Annexure F) സമര്‍പ്പിച്ചാല്‍ മതി. 

പൂര്‍ണ്ണമായ പേര് മാറ്റത്തിന് ഗസറ്റ് വിജ്ഞാപനം നിർബന്ധം

വ്യക്തിയുടെ ഐഡന്റിറ്റി തന്നെ മാറുന്ന രീതിയിലുള്ള പൂർണ്ണമായ പേരുമാറ്റങ്ങളെ 'പ്രധാന പേരുമാറ്റം' ആയാണ് കണക്കാക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ സർക്കാരിന്റെ ഗസറ്റ് വിജ്ഞാപനം  നിർബന്ധമായും സമർപ്പിക്കണം. പുതിയ പേര് അപേക്ഷകന്റെ പഴയ പേരുമായി യുഐഡിഎഐ സിസ്റ്റം വഴി ഒത്തുനോക്കുകയും സമർപ്പിച്ച രേഖകളുടെയും ഗസറ്റ് വിജ്ഞാപനത്തിന്റെയും ആധികാരികത ഉറപ്പുവരുത്തുകയും ചെയ്ത ശേഷമേ അപേക്ഷ അംഗീകരിക്കുകയുള്ളൂ.

സർക്കുലർ പുറത്തിറങ്ങിയ ദിവസം മുതൽ തന്നെ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അതിനാൽ ആധാറിലെ പേര് തിരുത്താൻ അപേക്ഷിക്കുന്നതിന് മുമ്പ് ആവശ്യമായ സത്യവാങ്മൂലങ്ങളും രേഖകളും കരുതേണ്ടതുണ്ട്

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News