പുതിയ വകഭേദം: കേരളത്തിൽ നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന കർശനമാക്കി കർണാടക

പുതിയ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവരിലും പരിശോധന ശക്തമാക്കും

Update: 2021-11-28 01:33 GMT
Advertising

കോവിഡ് വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി കർണാടക. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന കർശനമാക്കി. ബസ് ടെർമിനൽ, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പുതിയ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവരിലും പരിശോധന ശക്തമാക്കും.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഒമിക്രോൺ വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ വൈറസിനെക്കുറിച്ച് ചർച്ചചെയ്യാൻ ചേർന്ന ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് ഗുരുതര കണ്ടെത്തലുകൾ വന്നിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളിൽ നിന്ന് ഏറ്റവും അപകടകാരിയായ വൈറസാണെന്നാണ് മുന്നറിയിപ്പ്. അന്താരാഷ്ട്രതലത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് B11529 എന്ന പുതിയ വൈറസെന്ന് ലോകാരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. വാക്സിനേഷൻ എല്ലാ രാജ്യങ്ങളും വേഗത്തിലാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ട്വിറ്ററിൽ കുറിച്ചു.

ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോംഗ്, ഇസ്രയേൽ, ബെൽജിയം എന്നീ രാജ്യങ്ങളിൽ ഒമിക്രോൺ നിലവിൽ കണ്ടെത്തിയിട്ടുണ്ട്. വുഹാനിൽ കണ്ടെത്തിയ കോറോണ വൈറസിനേക്കാളും പത്ത് മടങ്ങ് വ്യാപനശേഷിയുള്ളതാണ് പുതിയവകഭേദം. 50 ലേറെ ജനിതക മാറ്റങ്ങൾ സംഭവിച്ച വൈറസ് അതിതീവ്ര വ്യാപനശേഷിയാണുള്ളതെന്ന് ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി. വാക്സിന്റെ പ്രതിരോധത്തെയും പുതിയ വകഭേദം ബാധിക്കുമെന്ന് ആശങ്കയുണ്ട്. യുകെ, ജർമ്മനി, ഇറ്റലി, ഇസ്രായേൽ, ജപ്പാൻ, കെനിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായി ബോറിസ് ജോൺസൺ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ ബാരലിന് 10 ഡോളറായി കുറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News