ഹണിമൂൺ യാത്രക്കിടെ തർക്കം, ഭാര്യയെ കൊന്ന് വെള്ളച്ചാട്ടത്തിൽ തള്ളി; യുവാവ് പിടിയിൽ

വർഷങ്ങളോളം പ്രണയത്തിലായിരുന്ന ഇവർ നാല് മാസം മുമ്പാണ് വിവാഹിതരായത്

Update: 2022-08-03 03:41 GMT

ചെന്നൈ: ഹണിമൂൺ യാത്രക്കിടെ ഭാര്യയെ കൊന്ന് വെള്ളച്ചാട്ടത്തില്‍ തള്ളിയ യുവാവ് പിടിയില്‍. ചെന്നൈ പുഴൽ കതിർവേട് സ്വദേശി തമിഴ്ശെൽവിയെയാണ് ഭര്‍ത്താവ് മദന്‍  കുത്തിക്കൊന്ന് ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തില്‍ തള്ളിയത്. ഹണിമൂണ്‍ യാത്രയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിനൊടുവിലായിരുന്നു കൊലപാതകം. വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്ന ഇവര്‍ നാല് മാസം മുമ്പാണ് വിവാഹിതരായത്.  

തമിഴ്ശെല്‍വിയും മദനും റെഡ് ഹില്‍സിനു സമീപം സെങ്കുണ്ട്രത്തായിരുന്നു താമസം. ഒരു മാസം മുൻപാണു തമിഴ്ശെല്‍വിയെ കാണാതായായത്. മകളെ ഫോണില്‍ വിളിച്ചിട്ടും കിട്ടതായപ്പോള്‍ മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍, ആന്ധ്രാപ്രദേശിലെ കോണിയ പാലസ് സന്ദര്‍ശനത്തിനിടെ ഭാര്യ കടന്നു കളഞ്ഞെന്നായിരുന്നു മദന്‍ നല്‍കിയ വിശദീകരണം. ഇതോടെ തമിഴ്നാട് പൊലീസ് ആന്ധ്രാപ്രദേശ് പൊലീസിന്‍റെ സഹായം തേടി.  

കോണിയ പാലസിലേക്ക് മദനും തമിഴ്ശെൽവിയും ബൈക്കിൽ വരുന്നതും പിന്നീട് മദന്‍ മാത്രം തിരികെ പോകുന്നതും സി.സി.ടി.വി ക്യാമറകളില്‍നിന്ന് ആന്ധ്ര പൊലീസ് കണ്ടെത്തി. തുടർന്ന് വെള്ളച്ചാട്ടത്തില്‍ നടത്തിയ തെരച്ചിലിലാണ് തമിഴ്​ശെൽവിയുടെ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്. സെങ്കുണ്ട്രം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മദന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News