നജീബ് എവിടെ ? ഇന്നും ഉത്തരമില്ല, തിരോധാനത്തിന് ഒമ്പത് വർഷം

ഒടുവിൽ കേസ് അന്വേഷിച്ച സിബിഐ, തിരോധാനവുമായി ബന്ധപ്പെട്ട് ഒരു തെളിവും കണ്ടെത്താനായില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ റിപ്പോർട്ട് സമർപിച്ചിരിക്കുകയാണ്

Update: 2025-06-05 09:27 GMT

ന്യൂഡല്‍ഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎന്‍യു) വിദ്യാർഥി നജീബ് അഹമ്മദിനെ കാണാതായിട്ട് ഒമ്പത് വര്‍ഷം. 2016 ഒക്ടോബർ 15 നാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ നജീബിനെ കാണാതാവുന്നത്. ജെഎന്‍യു എംഎസ്‌സി വിദ്യാര്‍ഥിയായിരുന്നു നജീബ്. ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ സംഘടിത ആക്രമണത്തെ തുടര്‍ന്നാണ് നജീബിനെ കാണാതാവുന്നത്.

രാജ്യത്തെ മൂന്ന് ഏജന്‍സികള്‍ ഇതിനകം നജീബിന്റെ തിരോധാനം അന്വേഷിച്ചു. ആദ്യം ഡല്‍ഹി പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനും ഒടുവില്‍ സിബിഐയ്ക്കും കൈമാറി. അവരിപ്പോള്‍‌ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പിച്ചിരിക്കുകയാണ്.

Advertising
Advertising

ഒൻപത് വർഷങ്ങൾ കഴിഞ്ഞിട്ടും, നജീബിനെക്കുറിച്ച് ഇപ്പോഴും ഒരു സൂചന പോലും. ജീവിനോടെയുണ്ടെന്നോ അതോ മരിച്ചെന്നോ ആര്‍ക്കും സ്ഥിരീകരിക്കാനാവുന്നില്ല. നജീബിന്റെ തിരോധാനം അന്വേഷിച്ച് സിബിഐക്കും നജീബ് എവിടെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായില്ല. നജീബിന്റെ ഉമ്മ ഫാത്തിമ നയീസ്, കോടതിയെ സമീപിച്ചാണ് സിബിഐ അന്വേഷണം നേടിയെടുക്കുന്നത് തന്നെ. കൂടുതല്‍‌ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പറഞ്ഞ് 2018ലാണ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ടാണ് ഡൽഹിയിലെ റൗസ് അവന്യൂ കോടതിക്ക് മുമ്പാകെയുള്ളത്. തള്ളണോ കൊള്ളണോ എന്ന കാര്യത്തില്‍ കോടതി ഉടന്‍ തീരുമാനമെടുക്കും.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് നജീബിന്റെ തിരോധാനം. ഏറെ പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചു.  2016ൽ ജെഎൻയു വൈസ് ചാൻസലറുടെ ഓഫീസിന് മുന്നിലും പിന്നീട് ക്യാമ്പസിന് പുറത്തേക്കും പ്രതിഷേധം പടര്‍ന്നു. 

നജീബിന്റെ ഉമ്മയുടെയും സന്നദ്ധ സംഘടനകളുടെയും ധീരമായ ഇടപെടലാണ് സിബിഐ അന്വേഷണത്തിലേക്ക് വരെ എത്തിയത്. ഡൽഹി പൊലീസിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. തിരോധാനവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തു. നജീബിനെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. എന്നാല്‍ പൊലീസിന്റെ അന്വേഷണത്തില്‍  അതൃപ്തി പ്രകടിപ്പിച്ച ഫാത്തിമ നയീസ, ഹേബിയസ് കോർപ്പസ് ഹർജിയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഡൽഹി പൊലീസിൽ നിന്ന് കേസ് ഏറ്റെടുത്ത് കോടതി മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വേണമെന്നായിരുന്നു ഉമ്മയുടെ ആവശ്യം.

ഇതിനിടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് എല്ലായിടത്തും പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിച്ചു.  ജെഎൻയു കാമ്പസിലെ 1,019 ഏക്കർ സ്ഥലത്ത് 560 പൊലീസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അക്കാദമിക് ബ്ലോക്കുകൾ, ഹോസ്റ്റൽ സമുച്ചയങ്ങൾ, വാട്ടർ ടാങ്കുകൾ, സെപ്റ്റിക് ടാങ്കുകൾ എന്നിവ അരിച്ചുപെറുക്കി. എല്ലാം വിഫലം.

2017 മെയ് 16നാണ് ഹൈക്കോടതി, കേസ് സിബിഐക്ക് വിട്ടത്.  സിബിഐ അന്വേഷണത്തിനും ഒരു നിഗമനത്തിലെത്താൻ കഴിഞ്ഞില്ല. ഇതിനിടെ നജീബിനെ കണ്ടെത്താനുള്ള ഉദ്ദേശ്യം സിബിഐ കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി കേന്ദ്ര ഏജൻസിയെ രൂക്ഷമായി വിമർശിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിലെടുത്ത 9 പ്രതികളുടെയും മൊബൈല്‍ഫോണുകള്‍ ലാബില്‍ പരിശോധിക്കാനും നിര്‍ദേശിച്ചു.

എന്നാല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഒരു തെളിവും കണ്ടെത്താനായില്ലെന്നാണ് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചണ്ഡീഗഡിലെ ലാബിലേക്ക് അയച്ച ഒമ്പത് ഫോണുകളിൽ രണ്ടെണ്ണം പ്രവർത്തനക്ഷമമല്ലാത്തതിനാൽ വിശകലനം ചെയ്യാൻ കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതിനാല്‍ കേസ് അവസാനിപ്പിക്കണം എന്നായിരുന്നു സിബിഐ റിപ്പോര്‍ട്ട്. 

അതേസമയം കേസുമായി ബന്ധപ്പെട്ട എല്ലാ പ്രസ്താവനകളുടെയും രേഖകളുടെയും പകർപ്പുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ നജീബിന്റെ ഉമ്മയ്ക്ക് നൽകണമെന്നും ഡൽഹി കോടതി സിബിഐയോട് നിർദ്ദേശിച്ചു. കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ തടസ ഹരജിയും ഫയല്‍ ചെയ്തു. ഇതിനിടെ നജീബിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായവും തേടിയിരുന്നു. അദ്ദേഹത്തെ കണ്ടെത്തുന്നതിനുള്ള പ്രതിഫലം 10 ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തിരുന്നു.

എന്നാല്‍ സിബിഐ അനാവശ്യമായി സമയം കളഞ്ഞുവെന്നാണ് നജീബിന്റെ ഉമ്മക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വ്യക്തമാക്കുന്നത്. '' അവർ ചെയ്യേണ്ടിയിരുന്നൊരു കാര്യം പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുക എന്നതായിരുന്നു. നജീബിനെ കാണാതാകുന്നതിന് മുമ്പ് അദ്ദേഹത്തിന് ഭീഷണികൾ ലഭിച്ചിരുന്നു. അതിലേക്കൊന്നും അവര്‍ പോയില്ല, സംവിധാനത്തെ തന്നെ അവര്‍ പരഹിസിക്കുകയാണ് ചെയ്തത്''- അദ്ദേഹം വ്യക്തമാക്കി. 

കേസ് അവസാനിപ്പിച്ചുള്ള സിബിഐയുടെ  ഫയലില്‍  കോടതി എന്ത് പറയുന്നുവെന്ന് നോക്കുകയാണ് നജീബിന്റെ ഉമ്മയും സംഘടനകളും. അതിന് അനുസരിച്ചാകും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക. 

അന്ന് സംഭവിച്ചത്...

ജെഎന്‍യുവിലെ മഹി മാന്ദ്‌വി ഹോസ്റ്റലിലാണ് നജീബ് അഹമ്മദ്  താമസിച്ചിരുന്നത്. വരാനിരിക്കുന്ന ഹോസ്റ്റല്‍ തെരഞ്ഞെടുപ്പിന് വോട്ട് തേടി 2016 ഒക്ടോബര്‍ 14 അര്‍ദ്ധരാത്രി നജീബും സുഹൃത്ത് കാസിമും താമസിക്കുന്ന ഹോസ്റ്റലിലെ 106ാം മുറിയിലേക്ക് ഒരു സംഘം എബിവിപി വിദ്യാര്‍ത്ഥികള്‍ കയറി വന്നു. അവിടെ വിദ്യാര്‍ത്ഥികളും നജീബും തമ്മില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തതയില്ലെങ്കിലും കയറിവന്നവര്‍ നജീബിനെ ക്രൂരമായി മര്‍ദിച്ചു.

ഇക്കാര്യം ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളും പൊലിസിനു നല്‍കിയ മൊഴിയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. അന്നു രാത്രി തന്നെ സഹപാഠികള്‍ നജീബിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി മരുന്ന് നല്‍കി. താമസിയാതെ ഹോസ്റ്റലില്‍ തിരിച്ചെത്തി. കാസിമാണ് നജീബിനെ ആശുപത്രിയിലും മുറിയിലും ശുശ്രൂഷിച്ചത്. അന്ന് രാത്രി നജീബ് ഉമ്മയോട് സംസാരിച്ചിരുന്നു. പിറ്റേന്ന് ഫോണ്‍ എടുക്കാതെ നജീബ് മുറിക്കു പുറത്തുപോയി. പിന്നീട് നജീബിനെ ആരും കണ്ടിട്ടില്ല. ഇത്രയുമാണ് അറിയാവുന്ന കാര്യങ്ങള്‍...

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News