കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ അറിയിക്കാതിരിക്കുന്നത് കുറ്റകൃത്യമാണെന്ന് സുപ്രിംകോടതി

പോക്‌സോ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും കോടതി

Update: 2022-11-02 16:16 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി:കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ അറിയിക്കാതിരിക്കുന്നത് കുറ്റകൃത്യമാണെന്ന് സുപ്രിംകോടതി. ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് കുറ്റവാളികളെ സഹായിക്കലാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ചിന്റെതാണ് നീരീക്ഷണം. പോക്‌സോ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രിംകോടതി പറഞ്ഞു.

ഹോസ്റ്റലിൽ പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തെക്കുറിച്ച് അറിവുണ്ടായിട്ടും അധികൃതരെ അറിയിക്കാതിരുന്ന ഡോക്ടർക്കെതിരായ എഫ്ഐആറും കുറ്റപത്രവും റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ വിധി സുപ്രിംകോടതി റദ്ദാക്കി. കഴിഞ്ഞ ഏപ്രിലിലായിരുന്നു  എഫ്ഐആറും കുറ്റപത്രവും റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ വിധിയുണ്ടായിരുന്നത്. കേസിലെ മറ്റ് പ്രതികളുടെ കുറ്റപത്രവും ഇപ്പോഴും നിലനിൽക്കുന്നുവെന്നത് ശരിയാണെന്നും ജസ്റ്റിസുമാരായ അജയ് റസ്തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

എന്നാൽ, അറിവുണ്ടായിട്ടും പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും കുറ്റവാളികളെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും 28 പേജുള്ള വിധിയിൽ ബെഞ്ച് പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര പൊലീസ് നൽകിയ അപ്പീലിലാണ് സുപ്രിംകോടതി വിധി.

രാജുരയിലെ ഒരു സ്‌കൂളിലെ വിദ്യാർത്ഥിനികളും ഹോസ്റ്റലിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികൾ പീഡനത്തിനിരയായതായി കണ്ടെത്തിയതായും ഇവരെ ചികിത്സയ്ക്കായി മെഡിക്കൽ പ്രാക്ടീഷണറെ നിയമിച്ചതായും ബെഞ്ച് ചൂണ്ടിക്കാട്ടി. തങ്ങൾക്കെതിരായ ലൈംഗികാതിക്രമം മെഡിക്കൽ പ്രാക്ടീഷണറെ അറിയിച്ചതായി ഇരകളായ 17 പേരിൽ ചിലർ മൊഴി നൽകിയിരുന്നു. എന്നാൽ ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ ഡോക്ടർ അറിയിച്ചില്ലെന്നതുമായിരുന്നു കേസ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News