യാത്രക്കാരുടെ ശ്രദ്ധക്ക്! ഈ റെയിൽവെ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപന നിര്‍ത്തിവച്ചു
പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപനയിലെ നിയന്ത്രണം നവംബർ 11 വരെ തുടരും
Representational Image
ഡൽഹി: യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി, ഡൽഹി ഡിവിഷനിലെ നാല് റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപന നോർത്തേൺ റെയിൽവേ (എൻആർ) സോൺ താൽക്കാലികമായി നിർത്തിവച്ചു. തിരക്കേറിയ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സൗകര്യവും സുരക്ഷിതമായ ബോർഡിംഗും ഡീബോർഡിംഗും ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന്‍റെ ലക്ഷ്യം.
പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപനയിലെ നിയന്ത്രണം നവംബർ 11 വരെ തുടരും. എന്നിരുന്നാലും, റെയിൽവേ ബോർഡ് മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, മുതിർന്ന പൗരന്മാർ, രോഗികളായ യാത്രക്കാർ, കുട്ടികൾ, സഹായം ആവശ്യമുള്ള സ്ത്രീ യാത്രക്കാർ എന്നിവർക്ക് പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ നൽകും. ന്യൂഡൽഹി റെയിൽവെ സ്റ്റേഷൻ, ഡൽഹി റെയിൽവെ സ്റ്റേഷൻ, ആനന്ദ് വിഹാര്‍ ടെര്‍മിനൽ, ആനന്ദ് വിഹാര്‍ ഹാൾട്ട് എന്നീ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപനയാണ് താൽക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതെന്ന് എൻആർ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ശേഖർ ഉപാധ്യായ പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം ഈ നിയന്ത്രണം പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപനയ്ക്ക് മാത്രമേ ബാധകമാകൂ. ട്രെയിൻ ടിക്കറ്റ് വിൽപനയ്ക്ക് യാതൊരു നിയന്ത്രണവുമില്ല. യാത്രക്കാർക്ക് ഇപ്പോഴും ട്രെയിൻ ടിക്കറ്റുകൾ വാങ്ങി പതിവുപോലെ യാത്ര ചെയ്യാം. ആരെയെങ്കിലും സ്വീകരിക്കാനോ യാത്രയാക്കാനോ സ്റ്റേഷനിൽ വന്ന് പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കേണ്ടവർക്ക് മാത്രമേ ഈ നിയമം ബാധകമാകൂ.
ദീപാവലിക്ക് മുന്നോടിയായി, നോർത്തേൺ റെയിൽവേ സോൺ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഒരു സ്ഥിരം ഹോൾഡിംഗ് ഏരിയയുടെ നിർമാണം പൂർത്തിയാക്കി വാണിജ്യ ഉപയോഗത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. ഉത്സവ സീസണുകളിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുമ്പോൾ യാത്രക്കാരുടെ എളുപ്പത്തിൽ പുറത്തേക്ക് പോകാനും വരാനുമായി ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ പരിസരത്തെ അജ്മേരി ഗേറ്റിന് നേരെയാണ് ഈ സ്ഥിരം ഹോൾഡിംഗ് ഏരിയ നിർമിച്ചിരിക്കുന്നത്. ഏത് സമയത്തും ഏകദേശം 7,000 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് ഈ കേന്ദ്രം രൂപകൽപന ചെയ്തിരിക്കുന്നത്.