ഞാൻ‍ നിങ്ങളുടെ കുടുംബാം​ഗം; ഷിയാ വിഭാ​ഗം ദാവൂദി ബോറകളുടെ പുതിയ അക്കാദമി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

'ഞാൻ‍ നിങ്ങളുടെ കുടുംബത്തിന്റെ ഭാ​ഗമാണ്. ഞാനിവിടെ ഒരു പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടല്ല വന്നിരിക്കുന്നത്'.

Update: 2023-02-10 14:59 GMT
Advertising

മുംബൈ: ഷിയാ മുസ്‍ലിംകളിലെ ദാവൂദി ബോറ വിഭാഗത്തിന്റെ പുതിയ അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചും അവരെ പുകഴ്ത്തിയും പ്രധാനമന്ത്രി. താൻ പ്രധാനമന്ത്രിയായിട്ടല്ല ഇവിടെ വന്നതെന്നും നിങ്ങളുടെ കുടുംബത്തിലെ ഒരു അം​ഗമായിട്ടാണെന്നും സമുദായാം​ഗങ്ങളെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

മുംബൈയിലെ മാറോലിൽ ആരംഭിച്ച അൽ‍ ജാമിഅത്തുസ്സൈഫിയ (സൈഫീ അക്കാദമി)യാണ് മോദി ഉദ്ഘാടനം ചെയ്തത്. 'നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ എനിക്കൊരു പരാതിയേ ഉള്ളൂ. എന്നെ നിങ്ങൾ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെന്നാണ് വിളിക്കാറുള്ളത്. ഞാൻ‍ നിങ്ങളുടെ കുടുംബത്തിന്റെ ഭാ​ഗമാണ്. ഞാനിവിടെ ഒരു പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടല്ല വന്നിരിക്കുന്നത്'.

'നാല് തലമുറകളായി ഈ കുടുംബവുമായി ബന്ധപ്പെട്ടു നിൽക്കാൻ കഴിയുന്നതിൽ ഞാൻ അതീവഭാഗ്യവാനാണ്. നാല് തലമുറകളും എന്റെ വീട് സന്ദർശിച്ചിട്ടുണ്ട്. ഒരു കുടുംബാംഗമായി ഇവിടെ വരാൻ അവസരം ലഭിച്ചപ്പോഴെല്ലാം ഞാൻ സന്തോഷവാനാണ്'- മോദി അഭിപ്രായപ്പെട്ടു.

'ഞാൻ രാജ്യത്തിനകത്തും വിദേശത്തും എവിടെ പോകുമ്പോഴും എന്റെ ബോറ സഹോദരീ- സഹോദരന്മാർ എന്നെ കാണാൻ വരും. അവർ ലോകത്തിന്റെ ഏത് കോണിൽ ആയിരുന്നാലും ഇന്ത്യയോടുള്ള അവരുടെ സ്നേഹവും ആശങ്കയും എപ്പോഴും കാണാം'- മോദി പറഞ്ഞു.

ദാവൂദി ബോറ വിഭാ​ഗത്തിന്റെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് സൈഫീ അക്കാദമി. ബോറ സമൂഹത്തിന്റെ പഠന പാരമ്പര്യവും സാക്ഷരതാ സംസ്‌കാരവും സംരക്ഷിക്കുകയെന്നതാണ് സൈഫി അക്കാദമിയുടെ ലക്ഷ്യം. ദാവൂദി ബോറ വിഭാ​ഗവുമായി വലിയ ബന്ധമാണ് മോദിക്കുള്ളത്.

ഇന്ത്യന്‍ മുസ്‌ലിംകളില്‍ നിന്ന് പ്രത്യക്ഷത്തില്‍ തന്നെ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നവരാണ് ഷിയാ വിഭാഗത്തിലെ ഉപവിഭാഗമായ ദാവൂദി ബോറകള്‍. നേരത്തെയും ബോറ സമൂഹത്തിന്റെ പരിപാടിയിൽ‍ പങ്കെടുത്തിട്ടുള്ള മോദി അവരെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തുമുള്ള ബോറ നേതാക്കളുമായി ഒന്നിലധികം തവണ അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളുടെ വികസനത്തിന് വലിയ പങ്കാണ് ദേശസ്നേഹികളായ ദാവൂദി ബോറ സമുദായം നടത്തിയതെന്നായിരുന്നു 2018ൽ‍ മോദി പറഞ്ഞത്.

'വസുദൈവ കുടുംബകം' എന്ന ആശയം മറ്റു രാഷ്ട്രങ്ങളിൽ നിന്നും ഇന്ത്യയെ വേർതിരിച്ചു നിർത്തുന്ന ഘടകമാണെന്നും ബോറ സമുദായം ഇതിനൊരു ഉദാഹരണമാണെന്നും മോദി പറഞ്ഞിരുന്നു. ബോറ സമുദായം സംഘടിപ്പിച്ച വാർഷിക ചടങ്ങായ 'അഷാറ മുബാറക്ക'യിലാണ് മോദി അന്ന് പങ്കെടുത്തത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News