യു.പിയില്‍ ബി.ജെ.പിയെ താഴെയിറക്കുന്നത് വരെ തനിക്ക് വിശ്രമമില്ലെന്ന് ഓം പ്രകാശ് രാജ്ഭര്‍

രാജ്ഭര്‍ നേരത്തെ യോഗി ആദിത്യനാഥ് നയിക്കുന്ന ബി.ജെ.പി മന്ത്രിസഭയില്‍ അംഗമായിരുന്നു. പിന്നീട് വിയോജിപ്പുകളെ തുടര്‍ന്ന് മുന്നണി വിടുകയായിരുന്നു.

Update: 2021-08-06 13:43 GMT

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നത് വരെ തനിക്ക് വിശ്രമമില്ലെന്ന് സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവ് ഓം പ്രകാശ് രാജ്ഭര്‍. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ പാര്‍ട്ടികള്‍ നിര്‍ണായക സ്വാധീനം ചെലുത്തും. വലിയ പാര്‍ട്ടികള്‍ക്ക് ഇനിയും തങ്ങളെ അവഗണിക്കാനാവില്ലെന്നും രാജ്ഭര്‍ പറഞ്ഞു.

രാജ്ഭര്‍ നേരത്തെ യോഗി ആദിത്യനാഥ് നയിക്കുന്ന ബി.ജെ.പി മന്ത്രിസഭയില്‍ അംഗമായിരുന്നു. പിന്നീട് വിയോജിപ്പുകളെ തുടര്‍ന്ന് മുന്നണി വിടുകയായിരുന്നു. ഏതാനും ദിവസങ്ങളായി അദ്ദേഹം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്ഭര്‍ വീണ്ടും ബി.ജെ.പി മുന്നണിയുടെ ഭാഗമാവുമോയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

യോഗി മന്ത്രിസഭയില്‍ നിന്ന് പുറത്തായത് മുതല്‍ യു.പിയില്‍ നിന്ന് ബി.ജെ.പിയെ പുറത്താക്കുമെന്ന് താന്‍ തീരുമാനിച്ചതാണ്. നേതാക്കളുമായുള്ള കൂടിക്കാഴ്ച എല്ലാ കാലത്തും നടന്നിട്ടുണ്ട്. അതിന് തന്റെ രാഷ്ട്രീയ നിലപാടുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

2022ല്‍ ബി.ജെ.പിയെ പുറത്താക്കുന്നതില്‍ ചെറിയ പാര്‍ട്ടികള്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന കാര്യം ഉറപ്പാണ്. ഇതിനായി താന്‍ 403 അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News