ഒമിക്രോൺ: 40 വയസ്സ് മുതൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്ന് കേന്ദ്ര ഗവേഷണ സമിതി

രാജ്യത്ത് കോവിഡിന്റെ ജനിതക വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്ന 28 ലബോറട്ടറികളുടെ കൂട്ടായ്മയാണ് നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്

Update: 2021-12-03 11:26 GMT
Advertising

രാജ്യത്ത് കോവിഡിന്റെ ഓമിക്രാൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ 40 വയസ്സു മുതൽ പ്രായമുള്ളവർക്കും അധിക അപകട സാധ്യതയുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകണമെന്ന് കേന്ദ്ര ഗവേഷണ സമിതിയായ ദി ഇന്ത്യൻ സാർസ് കോവ് 2 ജെനോമിക്‌സ് കൺസേർഷ്യം (ഐഎൻഎസ്എസിഒജി) . രാജ്യത്ത് കോവിഡിന്റെ ജനിതക വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്ന 28 ലബോറട്ടറികളുടെ കൂട്ടായ്മയാണ് നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവിൽ കർണാടകയിൽ കണ്ടെത്തിയ രണ്ടുപേർക്ക് മാത്രമാണ് ഓമിക്രോൺ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് വാക്‌സിൻ സ്വീകരിക്കാത്തവർക്കെല്ലാം ഡോസുകൾ നൽകണമെന്നും അപകട സാധ്യത കൂടുതലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്നും ഐഎൻഎസ്എസിഒജി നിർദേശിച്ചു.

കോവിഡിന്റെ ജനിതക വ്യതിയാനങ്ങൾ തിരിച്ചറിയാനും അവയുടെ വ്യാപനം മനസ്സിലാക്കാനും ഗവേഷണം നടത്തുന്ന സംഘമാണ് ഐഎൻഎസ്എസിഒജി. വകഭേദങ്ങളെ ആരംഭത്തിൽ തന്നെ കണ്ടെത്തുന്നതും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതും അനിവാര്യമാണെന്ന് സമിതി പറഞ്ഞു. ബാധിത പ്രദേശങ്ങളിൽ നിന്നും അവിടേക്കും യാത്ര നിയന്ത്രിക്കേണ്ടതുണ്ടെന്നും ബാധിതരുടെ ട്രെസിങ് നടത്തേണ്ടതുണ്ടെന്നും വിദഗ്ധർ പറഞ്ഞു. കൂടുതൽ ടെസ്റ്റുകൾ നടത്തേണ്ടതുണ്ടെന്നും അവർ അറിയിച്ചു.

ബ്രിട്ടനും അമേരിക്കയും വിവിധ പ്രായത്തിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്നത് ശരിവെച്ചിരുന്നു. പ്രായപൂർത്തിയായവർക്ക് പൂർണ പ്രതിരോധം ലഭിക്കാൻ ബൂസ്റ്റർ വാക്‌സിൻ കൂടി നൽകണമെന്നാണ് അമേരിക്കയിലെ പകർച്ചവ്യാധി സ്പഷ്യലിസ്റ്റായ ആൻറണി ഫൗസി പറയുന്നത്. ഘടനപരമായ മാറ്റം വന്ന ഒമിക്രാൺ പടരാൻ സാധ്യത കൂടുതലാണെന്നാണ് ഐഎൻഎസ്എസിഒജി മുന്നറിയിപ്പ് നൽകുന്നത്. ഈ വകഭേദം ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ എല്ലാ പ്രവിശ്യകളിലും രോഗബാധ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടി കേസുകളാണ് ദക്ഷിണാഫ്രിക്കയിൽ അടുത്ത ദിവസം പുതിയതായി സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 4,300 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച കേസുകളുടെ എണ്ണം 8,500 ആയി ഉയർന്നു. നവംബർ എട്ടിനാണ് ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. പിന്നാലെ വിവിധ രാജ്യങ്ങളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ഇന്ത്യയിലാദ്യമായി കർണാടകയിൽ രണ്ട് പുരുഷന്മാർക്ക് രോഗം കണ്ടെത്തിയിരിക്കുകയാണ്. ഐഎൻഎസ്എസിഒജി വഴിയാണ് ഇവരുടെ രോഗബാധ കണ്ടെത്തിയിരുന്നത്. ഇതോടെ ഇന്ത്യയടക്കം 30 രാജ്യങ്ങളിൽ വൈറസിന്റെ സാന്നിധ്യമുണ്ടെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന വിവരം.ഡെൽറ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് മൂന്നിരട്ടി വ്യാപനശേഷിയെന്ന് ഇതു സംബന്ധിച്ച് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു. രാജ്യത്തു നിന്ന് ശേഖരിച്ച ഒമിക്രോൺ സാമ്പിളുകൾ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടന്നിരുന്നത്. പഠനം മെഡിക്കൽ പ്രിപ്രിന്റ് സർവറിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. എന്നാൽ വിദഗ്ധരുടെ മേൽനോട്ട പരിശോധനയ്ക്ക് വിധേയമായിട്ടില്ല. ദക്ഷിണാഫ്രിക്കയിൽ നവംബർ 27 വരെ 28 ലക്ഷം കോവിഡ് ബാധിതരിൽ 35670 പേർക്ക് വീണ്ടും അണുബാധയുണ്ടായതായി സംശയമുണ്ട്. മൂന്നു തരംഗങ്ങളിലും ആദ്യം അണുബാധ റിപ്പോർട്ട് ചെയ്ത വ്യക്തികളിൽ സമീപകാലത്ത് വീണ്ടും വൈറസ് ബാധയുണ്ടായിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ സെന്റർ ഓഫ് എക്സലൻസ് ഇൻ എപിഡെമോളജിക്കൽ മോഡലിങ് ആൻഡ് അനാലിസിസ് ഡയറക്ടർ ജൂലിയറ്റ് പിള്ള്യം ട്വീറ്റ് ചെയ്തു.

നേരത്തെ, ഒമിക്രോൺ കേസുകളിൽ വൻ വർധനയുണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞൻ അന്നെ വോൻ ഗോട്ടർബർഗ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നിലവിലുള്ള കോവിഡ് വാക്സിനുകൾ പുതിയ വകഭേദത്തിനെതിരെ ഫലപ്രദമാണ് എന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്കുള്ള ആകാശ യാത്രകൾ മിക്ക രാഷ്ട്രങ്ങളും നിർത്തി വച്ചിരിക്കുകയാണ്. യാത്രാ നിരോധനം പുനഃപരിശോധിക്കണമെന്ന് ലോകാരോഗ്യ സംഘടന ലോകരാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News