'പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന സർക്കാർ ചരിത്രത്തിൽ ഉണ്ടായിട്ടില്ല'; സഞ്ചാർ സാഥി ആപ്പിനെതിരെ പ്രതിപക്ഷം

വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു

Update: 2025-12-02 07:55 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിന്റെ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത്. കേന്ദ്ര സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.  സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയെ സംബന്ധിച്ചും ഫോണിന്‍റെ ഗുണമേന്മക്കെന്നുമൊക്കെയാണ് ആപ്പിനെക്കുറിച്ച് പുറമെ പറയുന്നത്.എന്നാല്‍ ബിഗ് ബ്രദർക്ക് എല്ലാം നിരീക്ഷിക്കാനുള്ള നീക്കമാണിത്. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

രാജ്യത്ത് നിരീക്ഷണത്തിന്റെ കരിമ്പടം തീർക്കാനുള്ള മാർഗമാണിതെന്ന് ജോൺ ബ്രിട്ടാസ് എംപിയും പ്രതികരിച്ചു. മൗലികാവകാശങ്ങളിലേക്കുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമാണിതെന്നും വിഷയം പാർലമെന്റിൽ ഉയർത്തുമെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന സർക്കാർ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ആപ്പിലൂടെ എന്ത് ശാക്തീകരണം ആണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Advertising
Advertising

 സൈബർ സുരക്ഷയ്ക്കായി പുതിയ സ്മാർട്ട് ഫോണുകളിൽ ’സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമായും ഉൾപ്പെടുത്താനാണ് കേന്ദ്ര നിർദേശം. ഈ സൈബർ സുരക്ഷാ ആപ്ലിക്കേഷൻ പ്രീ- ഇൻസ്റ്റാൾ ചെയ്യണമെന്നാണ് സ്മാർട്ട്‌ഫോൺ നിർമാതാക്കൾക്ക് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിർദേശമെന്നാണ് റിപ്പോർട്ടുകൾ. ഉപയോക്താക്കൾക്ക് അൺ ഇൻസ്റ്റാൾ ചെയ്യാനോ ഡിസേബിൾ ആക്കാനോ സാധിക്കാത്തവിധം ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നാണ് നിർദേശം.

എല്ലാ പുതിയ സ്മാർട്ട് ഫോണുകളിലും സർക്കാർ നിയന്ത്രണത്തിലുള്ള ഈ സൈബർ സുരക്ഷാ ആപ്പ് ഉണ്ടാകണം എന്നാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളും ഹാക്കിങ്ങും വർധിക്കുന്നത് തടയുക, മോഷ്ടിക്കപ്പെട്ട ഫോണുകൾ തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നത് ഒഴിവാക്കുക എന്നിവയാണ് ആപ്ലിക്കേഷൻ അവതരിപ്പിച്ചതിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ വാദം.

1.2 ബില്യണിലധികം വരിക്കാരുള്ള ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ വിപണികളിലൊന്നായ ഇന്ത്യയിൽ സൈബർ തട്ടിപ്പ്, ഫോൺ മോഷണം, വ്യാജ ഐഎംഇഐ നമ്പരുകളുടെ ദുരുപയോഗം എന്നിവയ്‌ക്കെതിരെ കർശന നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News