അദാനി ഓഹരി വിവാദം; പ്രതിപക്ഷത്തിന്റെ ഇ.ഡി ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞു; നിരോധനാജ്ഞ

അദാനി വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളും തടസപ്പെടുത്തിയ ശേഷമായിരുന്നു എം.പിമാർ ഇ.ഡി ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

Update: 2023-03-15 11:39 GMT

ന്യൂഡൽഹി: അദാനി ഓഹരി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. മാർച്ച് തടയുകയും ‌‌‌പ്രതിഷേധത്തിന് അനുമതി നിഷേധിക്കുകയും ചെയ്ത ഡൽഹി പൊലീസ് വിജയ് ചൗക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മാർച്ച് പൊലീസ് തടഞ്ഞതോടെ എം.പിമാർ മടങ്ങി. തൃണമൂൽ കോൺഗ്രസ് മാർച്ചിൽ പങ്കെടുത്തില്ല. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. ഓഹരി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു മാർച്ച്.

അദാനി വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളും തടസപ്പെടുത്തിയ ശേഷമായിരുന്നു 18 പ്രതിപക്ഷ പാർട്ടികളുടെ എം.പിമാർ ഇ.ഡി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് പാർലമെന്റിന് പുറത്തേക്ക് എത്തിയതിനു പിന്നാലെ പൊലീസ് തടയുകയായിരുന്നു. ഇനി മുന്നോട്ടുപോകാനാവില്ലെന്നും മടങ്ങണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ അവിടെ നിന്ന് എം.പിമാർ പ്രതിഷേധിച്ചു.

Advertising
Advertising

പാർലമെന്റ് പരിസരത്ത് ഇത്തരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനാവില്ലെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. ആം ആദ്മിയും ബി.ആർ.എസും പ്രതിഷേധത്തിന്റെ ഭാഗമായി. ബി.ആർ.എസ് നേതാവ് കെ കവിതയെ നാളെ ഇ.ഡി ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കെയാണ് ഇന്ന് മാർച്ച് നടന്നത്.

എന്നാൽ സംയുക്ത പ്രതിപക്ഷ പ്രതിഷേധത്തിനൊപ്പം ചേരാതെ തൃണമൂൽ കോൺഗ്രസ് പാർലമെന്റിന് പുറത്ത് ഒറ്റയ്ക്ക് ഇന്ധനവില വർധനവിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. ബം​ഗാളിൽ തങ്ങൾക്കെതിരെ ബി.ജെ.പിയും കോൺ​ഗ്രസും സിപിഎമ്മും ചേർന്നുണ്ടാക്കിയെന്നും അതിന്റെ ഫലമായി കോൺ​ഗ്രസ് സ്ഥാനാർഥി വിജയിച്ചെന്നും അതിനാൽ അവർ നേതൃത്വം നൽകുന്ന മുന്നണിയെ പിന്തുണയ്ക്കില്ലെന്നുമായിരുന്നു തൃണമൂൽ നിലപാട്.

ഇതിനിടെ നേരത്തെ പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിർത്തിവച്ച പാർലമെന്റ് നടപടികൾ പുനരാരംഭിച്ചു. മാർച്ചിന് അനുമതി നിഷേധിച്ചതോടെ വീണ്ടും പാർലമെന്റിനുള്ളിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ എം.പിമാരുടെ തീരുമാനം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News