10 ലക്ഷം വാഹനങ്ങള്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ ഡല്‍ഹിയിലേക്ക് പ്രവേശനമില്ല
മഞ്ഞുകാലത്ത് വായുമലിനീകരണം രൂക്ഷമാകുന്നത് മുന്‍നിര്‍ത്തിയാണ് കര്‍ശന നിയന്ത്രണം നടപ്പാക്കുന്നത്
ന്യൂഡല്‍ഹി: വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. ബിഎസ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത, ഡല്‍ഹിക്ക് പുറത്തു രജിസ്റ്റര്‍ ചെയ്ത പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ബാധകം. നവംബര്‍ ഒന്നിന് നിലവില്‍ വരുന്ന നിയന്ത്രണം 2027 ജനുവരി 31 വരെ തുടരും. ബിഎസ്-3, ബിഎസ്-4 വിഭാഗത്തിലെ 10 ലക്ഷം വാഹനങ്ങളെ നിയന്ത്രണം ബാധിക്കുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.
ഗുരുഗ്രാം, ഫരീദാബാദ്, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് തുടങ്ങിയ നഗരങ്ങളില്‍നിന്ന് ദിവസവും ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നവരെയാണ് നിയന്ത്രണം കാര്യമായി ബാധിക്കുക. ഗതാഗത വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഗുരുഗ്രാം, ഫരീദാബാദ് മേഖലകളിലായി ഏകദേശം രണ്ട് ലക്ഷം വാഹനങ്ങള്‍ ബിഎസ്-6 മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. നോയിഡ, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളിലായി നാല് ലക്ഷത്തിലേറെ വാഹനങ്ങളും ബിഎസ്-6ന് താഴെയാണ്. ഗാസിയാബാദിലും ഏകദേശം നാല് ലക്ഷം വാഹനങ്ങള്‍ ഈ വിഭാഗത്തിലുണ്ട്.
ആംബുലന്‍സുകള്‍, അഗ്നിരക്ഷാ വാഹനങ്ങള്‍, അവശ്യസേവന വാഹനങ്ങള്‍ എന്നിവയ്ക്ക് ഇളവുണ്ട്. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ഈ പ്രത്യേക പ്രവേശന നിയന്ത്രണം ബാധകമല്ല.
നിയന്ത്രണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയാന്‍ എഐ അധിഷ്ഠിത ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ ക്യാമറകള്‍ ഉപയോഗിക്കും. നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള പ്രധാന പ്രവേശന പാതകളില്‍ പരിശോധനയും ശക്തമാക്കും. ഇതിനായി 300ഓളം ജീവനക്കാരെ നിയോഗിക്കും.
വായുമലിനീകരണം രൂക്ഷമാകുന്ന മഞ്ഞുകാലം മുന്‍നിര്‍ത്തിയാണ് കര്‍ശന നിയന്ത്രണം നടപ്പാക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ മഞ്ഞുകാലത്ത് ഡല്‍ഹിയിലെ മലിനീകരണ നിരക്ക് അപകടകരമായ നിലയിലെത്തിയിരുന്നു.