മണിപ്പൂർ സംഘർഷം; മിസോറമിലേക്ക് പുതുതായി പലായനം ചെയ്തത് 7500ലേറെ പേർ

സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് ഇവർ അഭയം പ്രാപിച്ചിരിക്കുന്നത്.

Update: 2023-05-23 02:41 GMT

ഇംഫാൽ: വീണ്ടും സംഘർഷം ആരംഭിച്ച മണിപ്പൂരിൽ പലായനവും തുടരുന്നു. 7500ലേറെ പേരാണ് പുതുതായി അയൽ സംസ്ഥാനമായ മിസോറമിലേക്ക് പലായനം ചെയ്തത്. ആക്രമണത്തിന് ഇരയാവുന്ന പട്ടികവർ​ഗ വിഭാ​ഗമായ കുകികളിൽപ്പെട്ട 7,527 പേരാണ് തിങ്കളാഴ്ച മിസോറാമിലേക്ക് പലായനം ചെയ്തതെന്ന് ഒരു ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് ഇവർ അഭയം പ്രാപിച്ചിരിക്കുന്നത്. 2,685 പേർ എത്തിയ കൊലാസിബ് ആണ് ഇതിൽ ഏറ്റവും മുന്നിൽ. തൊട്ടുപിന്നിൽ ഐസ്വാൾ (2,386), സെയ്തുവൽ (2,153) എന്നീ ജില്ലകളാണെന്ന് ഉദ്യോ​ഗസ്ഥൻ പറയുന്നു.

ചമ്പായി ജില്ലയിൽ 164 പേരും ഖൗസാൾ ​​ജില്ലയിൽ 36 പേരും സെർചിപിൽ 27പേരും മമിത് ജില്ലയിൽ 19 പേരും ലുങ്‌ലെയ് ജില്ലയിൽ 57 പേരും അഭയം പ്രാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലായനം ചെയ്‌ത ആളുകൾ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. ചിലർക്ക് അവരുടെ ബന്ധുക്കൾ അഭയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

അതേസമയം, സംഘർഷത്തിനു പിന്നാലെ തലസ്ഥാനമായ ഇംഫാലിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. ന്യൂചേക്കൊൺ മേഖലയിലാണ് ഇന്നലെ സംഘർഷമുണ്ടായത്. പൊലീസിന് പുറമെ സൈനിക, അർധ സൈനിക വിഭാഗത്തെയും ഇംഫാലിൽ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം മെയ്തെയ് വിഭാഗം മണിപ്പൂരിൽ മഹാറാലി നടത്തിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. കുകി ഗോത്രവിഭാഗത്തിനു സ്വാധീനമുള്ള മേഖലയിലാണ് സംഘർഷമുണ്ടായത്.

കഴിഞ്ഞ ഒരു മാസമായി മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. അക്രമത്തിൽ 70ലധികം പേർ കൊല്ലപ്പെട്ടു. 250ഓളം പേർക്ക് പരിക്കേറ്റു. കോടികളുടെ നാശനഷ്ടമുണ്ടായി. പതിനായിരങ്ങൾ വീടുവിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായി. പലരും സര്‍ക്കാരിന്‍റെ ക്യാമ്പുകളില്‍ അഭയം തേടി. 30,000ലേറെ പേരാണ് നേരത്തെ അയൽ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തത്.

മണിപ്പൂരിലെ ജനസംഖ്യയുടെ 64 ശതമാനവും മെയ്തെയ് ആണ്. വിജ്ഞാപനം ചെയ്യപ്പെട്ട മലയോര പ്രദേശങ്ങളിൽ ആദിവാസികളല്ലാത്തവർക്ക് ഭൂമി വാങ്ങാൻ അനുവാദമില്ല. മെയ്തെയ് വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ അവര്‍ക്കും ഭൂമി വാങ്ങാമെന്ന സ്ഥിതി വന്നു. ഇതു ഗോത്രവര്‍ഗ മേഖലയില്‍ അസ്വസ്ഥതയുണ്ടാക്കി.

മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ തങ്ങളെ ആസൂത്രിതമായി ലക്ഷ്യം വച്ചെന്ന് കുകി വിഭാഗം ആരോപിച്ചു. വനങ്ങളിൽ നിന്നും വീടുകളിൽ നിന്നും തങ്ങളെ നീക്കം ചെയ്യുകയാണെന്ന് അവര്‍ ആരോപിച്ചു. പിന്നാലെയായിരുന്നു സംഘര്‍ഷം. 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News