'മൂന്ന് കത്തുകളെഴുതി, എന്നിട്ടും ബിജെപിയുടെ ബി ടീം എന്നാണ് വിളിക്കുന്നത്': ബിഹാറിൽ ഇൻഡ്യ സഖ്യത്തിൽ ഉൾപ്പെടുത്താത്തതിൽ ഉവൈസി
2020ലെ ബിഹാർ തെരഞ്ഞെടുപ്പിൽ സീമാഞ്ചൽ മേഖലയില്‍ നിന്ന് അഞ്ച് സീറ്റുകൾ നേടി എഐഎംഐഎം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു
പറ്റ്‌ന: ആറു സീറ്റുകൾ നൽകിയാൽ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാകാൻ തയ്യാറാണെന്ന് എഐഎംഐഎം ( മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലമീൻ) നേതാവ് അസദുദ്ദീൻ ഉവൈസി.
സഖ്യത്തിനായി പലവട്ടം രാഷ്ട്രീയ ജനതാ ദൾ( ആർജെഡി) നേതൃത്വത്തെ സമീപിച്ചെങ്കിലും അനുകൂല സമീപനം ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
''ഞങ്ങൾ തെരഞ്ഞെടുപ്പ് നേരിടും, പാർട്ടി ബിഹാർ തലവൻ അക്തറുൽ ഇംറാൻ സഖ്യം സംബന്ധിച്ച് രണ്ട് കത്തുകൾ ലാലുപ്രസാദ് യാദവിനും ഒന്ന് തേജസ്വി യാദവിനും നൽകിയിരുന്നു. ആറു സീറ്റുകളാണ് അദ്ദേഹം ചോദിച്ചത്. എന്നാൽ മറുപടി തൃപ്തികരമായിരുന്നില്ല.അധികാരത്തിൽ വന്നാൽ മന്ത്രിസ്ഥാനം ഞങ്ങൾക്ക് വേണ്ട, ഒരു സീമാഞ്ചൽ വികസന ബോർഡ് സ്ഥാപിച്ചാൽ, ഇതിൽ കൂടുതൽ ഇനി എന്താണ് ചെയ്യാനാവുക''- അദ്ദേഹം ചോദിച്ചു.
''ഞങ്ങൾ ബിജെപിയുടെ ബി-ടീം ആണെന്നാണ് അവരിപ്പോഴും പറയുന്നത്. അവർ ഞങ്ങളുടെ നാല് എംഎൽഎമാരെ കൊണ്ടുപോയപ്പോൾ ഒന്നും സംഭവിച്ചില്ല. എന്നാല്‍ ബിജെപി ശിവസേനയുടെ എംഎൽഎമാരെ കൊണ്ടുപോയപ്പോൾ, എല്ലാം തകർന്നിരുന്നുവെന്നും''- അദ്ദേഹം ചൂണ്ടിക്കാട്ടി.
2020ലെ ബിഹാർ തെരഞ്ഞെടുപ്പിൽ സീമാഞ്ചൽ മേഖലയില്‍ നിന്ന് അഞ്ച് സീറ്റുകൾ നേടി എഐഎംഐഎം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പിന്നീട്, അവരുടെ നാല് എംഎൽഎമാർ ആർജെഡിയിലേക്ക് മാറി. ഇക്കാര്യമാണ് ഉവൈസി ചൂണ്ടിക്കാണിച്ചത്.
ഇതിനിടെ ആർജെഡിയുമായി സഖ്യമുണ്ടാക്കാൻ എഐഎംഐഎമ്മിന്റെ ബിഹാർ ഘടകം കഴിഞ്ഞയാഴ്ച നാടകീയമായൊരു ശ്രമം നടത്തിയിരുന്നു. ലാലുപ്രസാദ് യാദവിന്റെ വീടിന് പരിസരത്തെത്തിയ സംഘം, പുറത്ത് ഡ്രം അടിച്ചും പോസ്റ്ററുകൾ വിതരണം ചെയ്തുമായിരുന്നു ശ്രദ്ധ പിടിച്ചുപറ്റാന്‍ നോക്കിയത്. എന്നാല്‍ അനുകൂല സമീപനം ഇതുവരെയും ലഭിച്ചിട്ടില്ല.