Writer - അൻഫസ് കൊണ്ടോട്ടി
anfas123
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന നീക്കത്തിനെതിരെ കര്‍ഷകപ്രക്ഷോഭത്തിന്റെ മാതൃകയില്‍ സമരം സംഘടിപ്പിക്കാനൊരുങ്ങി തൊഴിലാളി സംഘടനകള്‍. തൊഴിലുറപ്പില്‍ നിന്ന് ഉറപ്പ് ഒഴിവാക്കുന്ന ഭേദഗതിയാണ് പാര്‍ലമെന്റ് പാസ്സാക്കുന്നതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീണ്‍ ഡ്രീസ് മീഡിയവണിനോട് പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് തൊഴിലുറപ്പ് പദ്ധതി കേന്ദ്രത്തിന് ഉപദേശിച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ് ജീണ്‍ ഡ്രീസ്. തൊഴില്‍ദിനങ്ങള്‍ കൂട്ടുന്നതായി പ്രതീതി സൃഷ്ടിച്ച് പദ്ധതി അട്ടിമറിക്കുകയാണെന്നും ജീണ്‍ ഡ്രീസ് മീഡിയവണിനോട് പറഞ്ഞു.
'തൊഴിലുറപ്പില്‍ നിന്ന് ഉറപ്പ് ഒഴിവാക്കുന്ന ഭേദഗതിയാണ് നടപ്പാക്കാന്‍ പാര്‍ലമെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പണിക്കൂലി സമയബന്ധിതമായി നല്‍കണമെന്ന വ്യവസ്ഥയാണ് നിയമത്തിലുള്ളത്. തൊഴില്‍ദിനങ്ങള്‍ കൂട്ടുന്നതായി പ്രതീതി സൃഷ്ടിച്ച് പദ്ധതി അട്ടിമറിക്കുകയാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ഭേദഗതി ബുദ്ധിമുട്ടിലാഴ്ത്തും'. ജീണ്‍ ഡ്രീസ് മീഡിയവണിനോട് പ്രതികരിച്ചു.
തൊഴിലുറപ്പ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി വരെയും ലോക്‌സഭയില്‍ ചര്‍ച്ച നടന്നിരുന്നു. നിരവധി പേര്‍ സംസാരിക്കാനുണ്ടെന്നും ചര്‍ച്ച പൂര്‍ത്തിയാകുന്നത് വരെ സഭ തുടരുമെന്നും സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞിരുന്നു.
ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. ഗാന്ധിജി ഓര്‍മകള്‍ പോലും ബിജെപി ഭയക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഗാന്ധിസ്വപ്‌നം കണ്ട രാമരാജ്യമാണ് യാഥാര്‍ഥ്യമാകുന്നതെന്ന് ബിജെപിയും മറുവാദം ഉന്നയിച്ചു. ബില്ലിന്മേല്‍ ഇരുപക്ഷത്തിന്റേയും വാദം കേട്ട ശേഷം മന്ത്രി ഇന്ന് മറുപടി പറയും. പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടെ ആണവോര്‍ജ ഭേദഗതി ബില്‍ പാസ്സാക്കി.