ലഹരിയടിച്ച് ആകാശത്ത്; വിമാനത്തിൽ യാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

തൊട്ടടുത്തിരുന്ന മറ്റൊരു യാത്രക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ പിന്മാറാൻ കൂട്ടാക്കിയില്ല.

Update: 2023-09-21 15:42 GMT

അ​ഗർത്തല: ഇൻഡി​ഗോ വിമാനത്തിൽ യാത്രയ്ക്കിടെ എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. 180 യാത്രക്കാരുമായി വ്യാഴാഴ്ച ഗുവാഹത്തിയിൽ നിന്ന് അഗർത്തലയിലേക്ക് പുറപ്പെട്ട 6ഇ-457 വിമാനത്തിലാണ് സംഭവം. ബിശ്വജിത് ദേബ്നാഥ് എന്നയാളാണ് അറസ്റ്റിലായത്.

എമർജൻസി വാതിലിനോട് ചേർന്ന് ഇരുന്ന ബിശ്വജിത് വിമാനം പറക്കുന്നതിനിടെ അത് തുറക്കാൻ ശ്രമിക്കുകയായിരുന്നു. തൊട്ടടുത്തിരുന്ന മറ്റൊരു യാത്രക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ പിന്മാറാൻ കൂട്ടാക്കിയില്ല.

ഫ്ലൈറ്റ് അറ്റൻഡന്റുകളും തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ തന്റെ ശ്രമം തുടർന്നു. ഇതോടെ വിമാനത്തിലെ യാത്രക്കാർ പരിഭ്രാന്തരായി. സഹയാത്രികർ ഇടപെട്ട് ഇയാളെ സീറ്റിലേക്ക് പിടിച്ചിരുത്തി. തുടർന്ന് വിമാനം അ​ഗർത്തല വിമാനത്താവളത്തിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertising
Advertising

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇയാൾ മയക്കുമരുന്ന് ഗുളികകളുടെ ലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് അധികൃതർ പറയുന്നു. സംഭവത്തിൽ വിശദീകരണവുമായി ഇൻഡി​ഗോ അധികൃതർ രം​ഗത്തെത്തി.

'സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം അനുസരിച്ച്, യാത്രക്കാരനെ ജീവനക്കാർ അച്ചടക്കമില്ലാത്തയാളായി പ്രഖ്യാപിക്കുകയും വിമാനം അ​ഗർത്തലയെത്തിയപ്പോൾ പ്രാദേശിക അധികാരികൾക്ക് കൈമാറുകയും ചെയ്തു. ഒരു ഘട്ടത്തിലും വിമാനത്തിന്റെ സുരക്ഷയിൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്തില്ല. സംഭവത്തിൽ മറ്റ് യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യമുണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു'- ഇൻഡിഗോ എയർലൈൻസ് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

ബുധനാഴ്ച പുലർച്ചെ ചെന്നൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ ഒരു യാത്രക്കാരൻ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. സംഭവത്തിൽ മണികണ്ഠൻ എന്നയാളെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. സംഭവത്തിൽ കേസെടുക്കുകയും ചെയ്തിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News