മുംബൈ: മഹാരാഷ്ട്രയിൽ 20.20 ലക്ഷം വില മതിക്കുന്ന മായം കലര്‍ന്ന 2279.7 ലിറ്റർ പതഞ്ജലി നെയ്യ് പിടികൂടി. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടത്തുന്ന ഉത്സവകാല പരിശോധനകളുടെ ഭാഗമായി 9.01 കോടി രൂപയുടെ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും 19 ഫുഡ് ബിസിനസ് ഓപ്പറേറ്റർമാരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ഏഴ് ഡിവിഷനുകളിലായി 114 സ്ഥാപനങ്ങളിൽ നിന്നായി 9.01 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3.53 ലക്ഷം കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതായി തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ എഫ്ഡിഎ അറിയിച്ചു. ഛത്രപതി സംഭാജിനഗറിലെ പതഞ്ജലിയുടെ സൂപ്പർ ഡിസ്ട്രിബ്യൂട്ടറായ ദിവ്യ മഹാവിതരക്കിൽ നിന്നാണ് 20.20 ലക്ഷം രൂപ വിലമതിക്കുന്ന 2,279.7 ലിറ്റർ പതഞ്ജലി നെയ്യ് പിടികൂടിയത്. 12.29 ലക്ഷം രൂപ വിലമതിക്കുന്ന 2,998 യൂണിറ്റ് (1,349.1 ലിറ്റർ) നെയ്യ്, 7.91 ലക്ഷം രൂപ വിലമതിക്കുന്ന 1,034 യൂണിറ്റ് (930.6 ലിറ്റർ) എന്നിവ ഉൾപ്പെടെ 4,032 യൂണിറ്റ് നെയ്യ് പിടിച്ചെടുത്തതായി എഫ്ഡിഎ അറിയിച്ചു. 2006 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി എഫ്ഡിഎ വ്യക്തമാക്കി.
മുംബൈ, അമരാവതി, ഛത്രപതി സംഭാജിനഗർ ഡിവിഷനുകളിലെ നംകീൻ, മധുരപലഹാരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ നിർമാണ യൂണിറ്റുകൾ ഉൾപ്പെടെ 19 സ്ഥാപനങ്ങളുടെ ലൈസൻസുകളും രജിസ്ട്രേഷനുകളും ശുചിത്വമില്ലായ്മയും ഭക്ഷ്യ സുരക്ഷാ ചട്ടങ്ങളുടെ ലംഘനവും കാരണം താൽക്കാലികമായി നിർത്തിവച്ചതായി എഫ്ഡിഎ അറിയിച്ചു.
താനെ ജില്ലയിലെ ഭിവണ്ടിയിലുള്ള അവന്യൂ സൂപ്പർമാർട്ട്സ് ലിമിറ്റഡിൽ നിന്ന് 1,44,218 കിലോഗ്രാം ഭക്ഷ്യ എണ്ണയും സത്താറയിലെ അമിൻ ട്രേഡേഴ്‌സിൽ നിന്ന് 20,560 കിലോഗ്രാം അരി, പയർവർഗ്ഗങ്ങൾ, ശർക്കര, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയും പിടിച്ചെടുത്തതായി എഫ്ഡിഎ അറിയിച്ചു. പൂനെ ഡിവിഷനിൽ സത്താറയിലെ സ്വാതി ഓയിൽ മില്ലുകളിൽ നിന്നും സോളാപൂരിലെ എസ്‌ജി ട്രേഡേഴ്‌സിൽ നിന്നും ഭക്ഷ്യ എണ്ണ പിടിച്ചെടുത്തു. ഒക്ടോബർ 28 നും 31 നും ഇടയിൽ 17 സ്ഥാപനങ്ങളിൽ നിന്ന് 79.40 ലക്ഷം രൂപയുടെ നിരോധിത ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതായി എഫ്ഡിഎ കൂട്ടിച്ചേര്‍ത്തു.
നാസിക്, ഛത്രപതി സംഭാജിനഗർ, നാഗ്പൂർ ഡിവിഷനുകളിലെ 34 ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ധാബകൾ എന്നിവിടങ്ങളിലും പരിശോധന നടന്നു. 29 പേര്‍ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.