'ഇത് ചന്തയല്ല, ബഹളം വെക്കരുത്'; ക്ഷുഭിതനായി ചീഫ് ജസ്റ്റിസ്

സമരത്തിന് അനുമതി നല്‍കിയാലും ഇല്ലെങ്കിലും അതിന്റെ കാരണം വ്യക്തമാക്കണമെന്നും കേന്ദ്രത്തോട് കോടതി

Update: 2026-11-03 09:44 GMT

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹരജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. അഭിഭാഷകര്‍ ബഹളം വെക്കരുതെന്നും തന്നെ ഉത്തരവ് പറയാന്‍ അനുവദിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിഭാഷകർ ഈ രീതിയില്‍ ബഹളം വെക്കരുതെന്നും ഇത് ചന്തയല്ലെന്നുമാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ സമരങ്ങള്‍ക്ക് നിശ്ചിത കാലയളവ് നിശ്ചയിക്കണം. അനുമതി നല്‍കിയാലും ഇല്ലെങ്കിലും അതിന്റെ കാരണം വ്യക്തമാക്കണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. വിവിധ ഹരജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

Advertising
Advertising

സമരത്തിന് ആഹ്വാനം നല്‍കിയവര്‍ നഷ്ടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കട്ടെയെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. അടുത്ത രണ്ട് മാസത്തേക്ക് പ്രതിഷേധങ്ങളോ ധാരണകളോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. ഉണ്ടായാല്‍ അത് ഈ ഉത്സവസീസണെ സാരമായി ബാധിക്കുമെന്നും എസ്ജി പറഞ്ഞു.

ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് ഒരു ദിവസത്തേക്ക് മാത്രമേ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ 17 ദിവസത്തേക്ക് സ്ഥലം കൈവശപ്പെടുത്തി. മുന്‍കൂര്‍ അനുമതിയില്ലാതെ പാര്‍ലമെന്റിലേക്കും സുപ്രിംകോടതിയിലേക്കും മാര്‍ച്ച് നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും എസ്ജി ചൂണ്ടിക്കാട്ടി.

എന്നാല്‍ ജന്തര്‍ മന്തര്‍ പ്രതിഷേധ സ്ഥലമാണെന്നും പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിന് പിന്നില്‍ ഡല്‍ഹി പൊലീസാണെന്നും മുതിര്‍ന്ന അഭിഭാഷക മേനക ഗുരുസ്വാമി വാദിച്ചു. പ്രതിഷേധക്കാരായ 7000-ത്തോളം പേരെ കസ്റ്റഡിയിലെടുത്തത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കുന്ന കാര്യമാണോയെന്നും അഭിഭാഷക ചോദിച്ചു.

പൊലീസിന്റെ ബാരിക്കേഡുകളാണ് വ്യാപാരികള്‍ക്ക് നഷ്ടമുണ്ടാക്കിയതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ എന്‍. ഹരിഹരന്‍ വാദിച്ചു. പ്രതിഷേധം നടക്കുന്ന ഇടങ്ങളില്‍ പോലും കച്ചവടക്കാര്‍ ഉണ്ടാകുമെന്ന് അഭിഭാഷകന്‍ പി.പി ദിനേശും ചൂണ്ടിക്കാട്ടി. ഇതിനുപിന്നാലെയാണ് ചീഫ് ജസ്റ്റിസ് ക്ഷുഭിതനായത്.

നിലവില്‍, ഇന്‍ഡ്യ മുന്നണിയുടെ സമരത്തിനെതിരെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ട്രക്ക് ഓപ്പറേറ്റര്‍മാരും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. സമരം തങ്ങളെ ദോഷമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. അതേസമയം, വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരായ ഹരജികള്‍ ഈ മാസം 23ന് കോടതി പരിഗണിക്കും.

ഈ വിഷയത്തില്‍ കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തള്ളിയിട്ടെന്ന മാധ്യമപ്രവര്‍ത്തകയുടെ ഹരജി രാഷ്ട്രീയപ്രേരിതമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ് പറഞ്ഞു. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം വനിത ജഡ്ജി നേതൃത്വം നല്‍കുന്ന എസ്‌ഐടി അന്വേഷിക്കണമെന്നും ജെയ്സിങ് ആവശ്യപ്പെട്ടു.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News