മുംബൈ: ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ, അന്തരിച്ച നേതാവ് അജിത് പവാറിന്റെ കുടുംബത്തിനൊപ്പം നിൽക്കാത്തവർ പാർട്ടി വിട്ടുപോകണമെന്ന മുന്നറിയിപ്പുമായി മുതിർന്ന എൻസിപി നിയമസഭാംഗവും മുൻ മന്ത്രിയുമായ മാണിക്റാവു കൊകാടെ. പാർട്ടി തകർക്കാൻ ഇത്തരക്കാരെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ജനുവരിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന് ശേഷം എൻസിപി നേതാവായി സ്ഥാനമേറ്റ ഉപമുഖ്യമന്ത്രി സുനേത്ര പവാറിനും അവരുടെ കുടുംബത്തിനുമൊപ്പമാണ് പാർട്ടിയുടെ മുഴുവൻ അണികളും. അതുകൊണ്ടുതന്നെ പാർട്ടിയിൽ പിളർപ്പുണ്ടാകില്ലെന്നും, കുടുംബത്തിന്റെ തീരുമാനങ്ങളാകും അന്തിമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ, സുനേത്ര പവാറിനെയും മകൻ പാർത്ഥ് പവാറിനെയും ഒഴിവാക്കി മുതിർന്ന എൻസിപി നേതാക്കളുടെ ഒരു സംഘം ന്യൂഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു. ഇതാണ് പാർട്ടിയിൽ വൻ പിളർപ്പ് ഭീഷണിയുണ്ടെന്ന അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. സുനേത്ര പവാറിന്റെയും പാർത്ഥ് പവാറിന്റെയും നിലവിലെ പ്രവർത്തന ശൈലിയിൽ നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി-എസ്.പി വിഭാഗവുമായി ലയിക്കുന്ന കാര്യം ചർച്ച ആയിട്ടില്ലെങ്കിലും, അത്തരം നീക്കങ്ങളെ സുനേത്ര പവാറും മകനും ശക്തമായി എതിർക്കുന്നുണ്ട്. മുൻപ് അമിത് ഷായെ കണ്ടപ്പോഴും ഇരുവരും ലയന സാധ്യത തള്ളിക്കളഞ്ഞിരുന്നു. അതേസമയം, പാർട്ടിയിൽ യാതൊരുവിധ ആഭ്യന്തര ഭിന്നതകളുമില്ലെന്നും വ്യാജ വാർത്തകളാണ് പ്രചരിക്കുന്നതെന്നും എൻസിപി നേതൃത്വം വിശദീകരിച്ചു. അമിത് ഷായുമായുള്ള നേതാക്കളുടെ കൂടിക്കാഴ്ച മുൻകൂട്ടി നിശ്ചയിച്ചതാണെന്നും സുനേത്ര പവാറിന്റെ അറിവോടെയും അഭ്യർത്ഥനപ്രകാരവുമാണ് നടന്നതെന്നും പാർട്ടി വക്താക്കൾ അറിയിച്ചു.
ഫെബ്രുവരിയിൽ സുനേത്ര പവാർ എൻസിപി അധ്യക്ഷയായി ചുമതലയേറ്റതിന് ശേഷം പ്രഫുൽ പട്ടേൽ, സുനിൽ തട്കരെ തുടങ്ങിയ മുതിർന്ന നേതാക്കളെ പ്രധാന പദവികളിൽ നിന്ന് നീക്കിയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.