പതഞ്ജലി നെയ്യിൽ മായം, അരിയിൽ കീടനാശിനി; നിയമനടപടിക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പ്

2021ലും പതഞ്ജലി നെയ്യ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, റിപ്പോർട്ട് അംഗീകരിക്കാൻ പതഞ്ജലി തയാറായിട്ടില്ല

Update: 2022-08-21 11:10 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: വിവാദ യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി വിപണിയിലിറക്കിയ നെയ്യിന്റെ സാംപിളിൽ മായം കലർന്നതായി കണ്ടെത്തി. കേന്ദ്ര-സംസ്ഥാന ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ദേശീയ മാധ്യമമായ 'ഇന്ത്യ അഹെഡ്' റിപ്പോർട്ട് ചെയ്തു. പതഞ്ജലി അരിയിൽ വലിയ തോതിൽ കീടനാശിനിയും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

ഉത്തരാഖണ്ഡിലെ തെഹ്‌രിയിലെ ഒരു കടയിൽനിന്ന് കണ്ടെടുത്ത നെയ്യിന്റെ സാംപിളാണ് സംസ്ഥാന ലബോറട്ടറിയിൽ പരിശോധിച്ചത്. ഇവിടെ മായം കലർന്നതായി കണ്ടെത്തിയതിനു പിന്നാലെ കേന്ദ്ര ലബോറട്ടറിയിലും പരിശോധനയ്ക്കയച്ചു. ഇതിലും കൃത്രിമം കണ്ടെത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ച മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നതിലും പതഞ്ജലി നെയ്യ് പരാജയപ്പെട്ടതായി വ്യക്തമായിട്ടുണ്ട്.

ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പതഞ്ജലി നെയ്യ് മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി ഉത്തരാഖണ്ഡ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോസ്ഥൻ എം.എൻ ജോഷി പറഞ്ഞു. നെയ്യ് ആരോഗ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പതഞ്ജലിക്കെതിരെ തെഹ്‌രി ജില്ലാ കോടതിയിൽ പരാതി നൽകുമെന്ന് ജോഷി അറിയിച്ചു.

പതഞ്ജലിയുടെ അരിയിൽ കീടനാശിനികളും കണ്ടെത്തിയതായി ജോഷി വെളിപ്പെടുത്തി. 'ചാർ ധം യാത്ര'യുടെയു ഭാഗമായി ചംബ-ധരാസു ദേശീയപാതയിൽ സേലു പാനിയിലുള്ള ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് വിഷാംശമുള്ള അരി കണ്ടെടുത്തത്. അരിയിൽ വലിയ അളവിൽ കീടനാശിനിയുടെ അളവുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചത്.

2021ലും പതഞ്ജലി നെയ്യ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ, കേന്ദ്ര ലബോറട്ടറിയിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് അംഗീകരിക്കാൻ പതഞ്ജലി തയാറായിട്ടില്ല.

Summary: Patanjali ghee failed a test conducted by the Food Safety Department as  a sample of ghee marketed by the company has been found to be adulterated and failed in tests conducted in both the state and the central laboratories.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News