തെരഞ്ഞെടുപ്പ് തലേദിവസം വോട്ടർമാർക്ക് സാരിയും കോഴിയും 'സമ്മാനം'; ബി.ജെ.പി നേതാവിന്‍റെ വീട്ടിന് മുന്നിൽ വലിച്ചെറിഞ്ഞ് ഗ്രാമവാസികൾ

ഇങ്ങനെയൊന്നും ഞങ്ങളെ വശത്താന്‍ സാധിക്കില്ലെന്നും ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യുമെന്നും ഗ്രാമവാസികള്‍

Update: 2023-05-12 05:27 GMT
Editor : ലിസി. പി | By : Web Desk

മൈസുരു: കർണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ബുധനാഴ്ചയാണ് നടന്നത്. ഭരണം പിടിക്കാൻ ബി.ജെ.പിയും കോൺഗ്രസും ജനതാദളും തമ്മിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. അതേസമയം, മാണ്ഡ്യയിലെ കെആർ പേട്ട നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ദിവസം നടന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ബിജെപി സ്ഥാനാർഥിയായ കെ.സി നാരായണ ഗൗഡ വോട്ടർമാരെ ആകർഷിക്കാൻ സാരിയും കോഴിയിറച്ചിയും വിതരണം ചെയ്തിരുന്നു. എന്നാൽ വോട്ടെടുപ്പ് ദിവസം 'സമ്മാനങ്ങൾ' ലഭിച്ച വോട്ടർമാരിൽ ചിലർ അത് പ്രദേശിക ബി.ജെ.പി നേതാവിന്‍റെ വീട്ടിന് മുന്നിൽ ഉപേക്ഷിച്ചു. സ്ഥാനാർഥിക്കെതിരെയും ബി.ജെ.പിക്കെതിരെയും മുദ്രാവാക്യം വിളിച്ചാണ് വോട്ടർമാർ സാരിയടക്കം ഉപേക്ഷിച്ചത്. കെ.ആർ പേട്ടിലെ ഗഞ്ചിഗെരെ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ഇന്ത്യൻ യൂത്ത് കോൺഗ്രസടക്കം ട്വിറ്ററിൽ പങ്കുവെച്ചു.

Advertising
Advertising

'പുലർച്ചെ രണ്ട് മണിയോടെ ബിജെപി സ്ഥാനാർത്ഥി നാരായണ ഗൗഡയുടെ അനുയായികൾ ഗ്രാമത്തിലെത്തി കോഴിയും പണവും സാരിയും നൽകാനെത്തി. എന്നാല്‍ ഗ്രാമവാസികൾ ഇവ വാങ്ങാന്‍ വിസമ്മതിച്ചു. തുടർന്ന് ഗൗഡയുടെ അനുയായികൾ ഈ സാധനങ്ങൾ വോട്ടര്‍മാരുടെ വീടിന് പുറത്ത് വെച്ച് പോകുകയായിരുന്നു. തുടര്‍ന്നാണ് ഗ്രാമവാസികൾ പ്രാദേശിക ബിജെപി നേതാവിന്റെ വീടിന് നേരെ ‘സമ്മാനങ്ങള്‍ എറിഞ്ഞത്, ചിലർ അവ നദിയിലേക്ക് വലിച്ചെറിഞ്ഞു. അതിനുശേഷം, എല്ലാവരും അവരുടെ ഇഷ്ടപ്രകാരം വോട്ട് ചെയ്തു', ഗഞ്ചിഗെരെ ഗ്രാമത്തിലെ അഭിഭാഷകനായ ലോകേഷ് ജി ജെ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

'പട്ടികവർഗക്കാർ കൂടുതലുള്ള ഗഞ്ചിഗെരെ ഗ്രാമത്തിൽ ബിജെപിക്കാർ കോഴിയും സാരിയും കൊണ്ടുവരികയായിരുന്നെന്ന് ഗ്രാമവാസികൾ പറഞ്ഞു. എന്നാൽ ആളുകൾ അത് നിരസിച്ചു, അതുകൊണ്ടാണ് അത് അവരുടെ പടിവാതിൽക്കൽ ഉപേക്ഷിച്ചത്'.. ഗ്രാമവാസികളിലൊരാൾ പ്രതികരിച്ചു. ഇങ്ങനെയൊന്നും ഞങ്ങളെ വശത്താന്‍ സാധിക്കില്ലെന്നും ഞങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യുമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഗ്രാമവാസി പറഞ്ഞു. ചിലര്‍ സമ്മാനം സ്വീകരിച്ചെങ്കിലും പിന്നീട് മനസ് മാറിയെന്നും ഇവര്‍ സമ്മതിക്കുന്നു.

സംഭവത്തെക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ബി.ജെ.പിയോ സ്ഥാനാർഥി കെ.സി നാരായണ ഗൗഡയോ ഇതുവരെ പ്രതികരിച്ചില്ല.എന്നാൽ ഈ സംഭവത്തിനെതിരെ കോൺഗ്രസ് രൂക്ഷമായി രംഗത്തെത്തി.

'കന്നഡക്കാരെ ഓർത്ത് അഭിമാനിക്കുന്നു! കർണാടകയിലെ ബി.ജെ.പി എം.എൽ.എയും ബി.ജെ.പി നേതാക്കളും വോട്ടർമാർക്ക് സാരിയും മറ്റ് സമ്മാനങ്ങളും കൈക്കൂലി നൽകാൻ ശ്രമിച്ചെങ്കിലും ഗ്രാമവാസികൾ ധൈര്യപൂർവം അവരുടെ 'ഭിക്ഷ' നിരസിക്കുകയും ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുകയും ചെയ്തു. ഈ സംഭവം അഴിമതിക്കാരായ ബിജെപി സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ തരംഗത്തിന്റെ ശക്തമായ സാക്ഷ്യമാണ് ഇത്..' യൂത്ത് കോൺഗ്രസ് വീഡിയോ പങ്കുവെച്ച് ട്വീറ്റ് ചെയ്തു.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News