യുക്രൈനിൽ നിന്ന് വളർത്തുമൃഗങ്ങളെ കൊണ്ടുവന്നതിന് മോദിക്ക് നന്ദി പറഞ്ഞ് മൃഗസ്‌നേഹി സംഘടന

യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾക്കായി കേരള സർക്കാർ ചാർട്ടർ ചെയ്ത എയർ ഏഷ്യ വളർത്തു മൃഗങ്ങളെ കൊണ്ടു പോകാൻ കഴിയില്ലെന്ന് പറഞ്ഞിരിക്കെ ചിലർ കുടുങ്ങിയിരിക്കുകയാണ്

Update: 2022-03-03 12:57 GMT
Advertising

യുക്രൈനിൽ നിന്ന് വളർത്തുമൃഗങ്ങളെ കൊണ്ടുവരാൻ സൗകര്യം ഒരുക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് മൃഗസ്‌നേഹികളുടെ സർക്കാറേതര സംഘടനയായ പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെൻറ് ഓഫ് അനിമൽസ് (PETA). രക്ഷാപ്രവർത്തനത്തിനുള്ള വിമാനം വഴി മൃഗങ്ങളെ കൊണ്ടുവരാൻ വഴിയൊരുക്കിയതിന് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാരായ പർഷോത്തം രൂപാലാ, സഞ്ജീവ് ബല്യാൻ എന്നിവർക്കുമാണ് സംഘടന നന്ദി പറഞ്ഞത്.

യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾക്കായി കേരള സർക്കാർ ചാർട്ടർ ചെയ്ത എയർ ഏഷ്യ വളർത്തു മൃഗങ്ങളെ കൊണ്ടു പോകാൻ കഴിയില്ലെന്ന് പറഞ്ഞിരിക്കെ കേരളത്തിലേക്ക് വളർത്തുമൃഗങ്ങളെ കൊണ്ടുവരാൻ കഴിയാതെ ചിലർ കുടുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വാർത്ത പുറത്തുവന്നിരിക്കുന്നത്. വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് കൂടുതൽ ദുരന്തമാകുമെന്നും മൃഗസ്‌നേഹി സംഘടന ട്വീറ്റിൽ പറഞ്ഞു.

വളർത്തു മൃഗങ്ങളുമായി വന്ന മലയാളി വിദ്യാർഥികൾ സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് തിരിക്കേണ്ടിവരുമെന്നാണ് കേരള ഹൗസ് വൃത്തങ്ങൾ അറിയിക്കുന്നത്. വളർത്തു നായയുമായെത്തിയ ആര്യയടക്കം നാലുപേരുടെ മടക്കമാണ് ഇതോടെ ബുദ്ധിമുട്ടിലാകുന്നത്. എന്നാൽ, സാധ്യമാകുന്ന വഴിയിലൂടെ സൈറയെ നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് ആര്യയുടെ പ്രതികരണം. വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിന് എയർലൈൻസിൽ പ്രത്യേകം സജ്ജീകരണങ്ങൾ ആവശ്യമാണെന്നാണ് എയർ ഏഷ്യ അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം, എയർ ഇന്ത്യയടക്കം ചില വിമാനങ്ങളിൽ ഇതിനുള്ള സംവിധാനങ്ങളുണ്ട്. എന്നാൽ ഇന്ന് കേരള സർക്കാർ ചാർട്ട് ചെയ്തിരിക്കുന്ന എല്ലാ വിമാനങ്ങളും എയർ ഏഷ്യയുടേതാണ്. ഇന്ന് വൈകീട്ട് 3.30നാണ് ഡൽഹിയിൽ നിന്ന് വിമാനം തിരിക്കുക.

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇടുക്കി ദേവികുളം ലാക്കാട് സ്വദേശിയായ ആര്യ തൻറെ വളർത്തുനായയായ സൈറയുമായി യുക്രൈനിൽ നിന്ന് തിരിച്ചെത്തിയത്. ബുക്കാറസ്റ്റിൽനിന്നു ഇന്നലെ രാത്രി വിമാനം കയറിയ ആര്യ പുലർച്ചെ ഡൽഹിയിലെത്തിയിരുന്നു. യുദ്ധഭൂമിയിൽ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആര്യ തന്റെ പ്രിയപ്പെട്ട സൈബീരിയൻ നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്. സൈറയില്ലാതെ താൻ മടങ്ങില്ലെന്ന ദൃഢ നിശ്ചയത്തിലായിരുന്നു കീവിലെ വെനീസിയ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ രണ്ടാംവർഷ എംബിബിഎസ് വിദ്യാർഥിനിയായ ആര്യ.

People for the Ethical Treatment of Animals (PETA), an NGO, has thanked Prime Minister Narendra Modi for facilitating the importation of pets from Ukraine.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News