200 കോടിയുടെ തട്ടിപ്പു കേസ്; ജാക്വിലിന് കുരുക്ക്, പിങ്കി ഇറാനി അറസ്റ്റിൽ

പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ ഇവരെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Update: 2022-12-01 13:24 GMT
Editor : abs | By : Web Desk

മുംബൈ: സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട തട്ടിപ്പുകേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്‍റെ സുഹൃത്തും സഹായിയുമായ പിങ്കി ഇറാനിയെ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റു ചെയ്തു. പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ ഇവരെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കേസിൽ ജാക്വിലിനെയും മറ്റൊരു നടി നോറ ഫത്തേഹിയെയും ചോദ്യം ചെയ്ത വേളയിലാണ് പിങ്കിയുടെ പേര് ഉയർന്നു വന്നത്. ജാക്വിലിനെ സുകേഷ് ചന്ദ്രശേഖറിന് പരിചയപ്പെടുത്തിയത് മുംബൈ സ്വദേശിയായ പിങ്കിയാണ് എന്നാണ് പൊലീസ് പറയുന്നത്. കേസിൽ കഴിഞ്ഞ മാസമാണ് ഡൽഹിയിലെ പാട്യാല കോടതി ജാക്വിലിന് ജാമ്യം അനുവദിച്ചത്.

Advertising
Advertising

ഫോർടിസ് ഹെൽത്ത്‌കെയർ പ്രൊമോട്ടർ ശിവിന്ദർ മോഹൻ സിങ്ങിന്റെ ഭാര്യ അതിഥി സിങ് അടക്കമുള്ള ഉന്നതരിൽനിന്ന് സുകേഷ് ചന്ദ്രശേഖർ 200 കോടി രൂപ തട്ടിയ കേസിലാണ് പിങ്കിയെ അറസ്റ്റു ചെയ്തിട്ടുള്ളത്. കേസിൽ 2021 നവംബറിൽ സുകേഷിനും ഭാര്യയും നടിയുമായ ലീന മരിയ പോളിനും മറ്റു പന്ത്രണ്ടു പേർക്കുമെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

തിഹാർ ജയിലിൽ കഴിയുന്ന വേളയിൽ സുകേഷിന് നടിമാർ അടക്കമുള്ള പ്രമുഖരെ കാണാൻ പിങ്കിയാണ് സൗകര്യം ചെയ്തു നൽകിയത്. ടിവി നടി നികിത തംബോലി, ചാഹത് ഖന്ന, സോഫിയ സിങ്, അരുഷ പാട്ടിൽ തുടങ്ങി നിരവധി പേരെയാണ് പിങ്കി തട്ടിപ്പുകാരന് പരിചയപ്പെടുത്തിയിരുന്നത്. ജയിലിന് അകത്തു വച്ചും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഈ കൂടിക്കാഴ്ച പൊലീസ് പുനഃസൃഷ്ടിച്ചിരുന്നു.

ശേഖർ രത്‌നവേല എന്ന പേരിലാണ് സുകേഷ് ജാക്വിലിനുമായി അടുക്കാൻ ശ്രമിച്ചത്. മേക്കപ്പ് ആർട്ടിസ്റ്റ് ഷാൻ മുട്ടത്തിൽ വഴിയാണ് ജാക്വിലിനുമായി അടുപ്പം സ്ഥാപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫിസ് നമ്പരിൽ നിന്നെന്ന വ്യാജേന ഫോൺ കോൾ നടത്തിയതായും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ദക്ഷിണേന്ത്യൻ ഭാഷകളിൽ നിരവധി ചിത്രങ്ങൾ നിർമിക്കുന്നുണ്ടെന്നും അവയിൽ നായികയാക്കാമെന്നും സുകേഷ് നടിക്ക് വാഗ്ദാനം നൽകിയതായും ഇ.ഡി കണ്ടെത്തി.

52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് സുകേഷ് നടിക്കു നൽകിയത്. 2021 ഫെബ്രുവരി മുതൽ ഓഗസ്റ്റ് ഏഴിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യും വരെ സുകേഷുമായി നടി അടുത്ത ബന്ധം പുലർത്തിയിരുന്നതായും ഇ.ഡി കുറ്റപത്രത്തിൽ പറയുന്നു. സുകേഷ് തനിക്ക് രണ്ട് ജോഡി ഡയമണ്ട് കമ്മലുകൾ, രണ്ട് ഹെർമിസ് ബ്രേസ്‌ലെറ്റുകൾ, മൂന്ന് ബിർക്കിൻ ബാഗുകൾ, ഒരു ജോടി ലൂയി വിറ്റൺ ഷൂസ് എന്നിവ നൽകിയതായി കഴിഞ്ഞയാഴ്ച ജാക്വിലിൻ ഇ.ഡിക്ക് നൽകിയ മൊഴിയിൽ വെളിപ്പെടുത്തിയിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News